അഹമ്മദാബാദ് എയർപോർട്ടിൽ വൻ വേട്ട; കോടികളുടെ വിദേശ കറൻസിയും സ്വർണ്ണവുമായി യാത്രക്കാർ പിടിയിൽ

സർദാർ വല്ലഭ്ഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻതോതിൽ വിദേശ കറൻസിയും സ്വർണ്ണവും പിടികൂടി. ജനുവരി 14-ന് കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് ബാങ്കോക്കിലേക്ക് കടക്കാൻ ശ്രമിച്ച യാത്രക്കാരിൽ നിന്നും, വിദേശത്ത് നിന്നും എത്തിയ യാത്രക്കാരനിൽ നിന്നുമായി അനധികൃത പണവും സ്വർണ്ണവും കണ്ടെടുത്തത്. ബാങ്കോക്കിലേക്ക് പോകാൻ എത്തിയ (Flight VZ-571) ഒരു യാത്രക്കാരനിൽ നിന്ന് കണക്കിൽപ്പെടാത്ത 42.06 ലക്ഷം രൂപ മൂല്യമുള്ള യുഎസ് ഡോളറും, ബ്രിട്ടീഷ് പൗണ്ടും പിടിച്ചെടുത്തു. ഇത്രയും വലിയ തുക എന്തിനാണ് കടത്തുന്നതെന്നും, ഇതിന് ലഹരിമരുന്ന്-സൈബർ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
മറ്റൊരു സംഭവത്തിൽ, തായ് ലയൺ എയർ വിമാനത്തിൽ (SL-213) ബാങ്കോക്കിലേക്ക് പോകാൻ എത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് 44 ലക്ഷം രൂപ മൂല്യമുള്ള യുഎസ്, ഓസ്ട്രേലിയൻ ഡോളറുകളും പൗണ്ടും പിടികൂടി. കൂടാതെ, ക്വാലാലംപുരിൽ നിന്നും എയർ ഏഷ്യ വിമാനത്തിൽ (AK-91) എത്തിയ ഒരു യാത്രക്കാരനിൽ നിന്ന് 24 ക്യാരറ്റിന്റെ 310.12 ഗ്രാം സ്വർണ്ണക്കട്ടിയും പിടികൂടിയിട്ടുണ്ട്. ഇയാളുടെ ജീൻസിന്റെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു 44.05 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം. ഒറ്റദിവസം കൊണ്ട് വിമാനത്താവളത്തിൽ നിന്ന് ഏകദേശം 1.3 കോടി രൂപയുടെ അനധികൃത സ്വത്താണ് കസ്റ്റംസ് പിടിച്ചെടുത്തത്. നിയമവിരുദ്ധമായി പണം കടത്തുന്നത് തടയാൻ എയർപോർട്ടിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published.