കേരളത്തിന് നാല് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ

കേരളത്തിന് നാല് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. മൂന്ന് അമൃത് ഭാരത് ട്രെയിനുകളും ഒരു ഗുരുവായൂർ – തൃശൂർ പാസഞ്ചറുമടക്കം നാല് ട്രെയിനുകളാണ് കേരളത്തിന്  പുതുതായി ലഭിക്കുന്നത്. അടുത്തയാഴ്‌ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. ഒപ്പം തമിഴ്‌നാടിന് അനുവദിച്ച രണ്ട് ട്രെയിനുകളും മോദി ഫ്ലാഗ് ഓഫ് ചെയ്യും. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിച്ച 11 സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. കേരളത്തിൽ കുറ്റിപ്പുറം, ചങ്ങനാശേരി, ഷൊർണൂർ സ്റ്റേഷനുകൾ ഇത്തരത്തിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിച്ചവയാണ്.

തിരുവനന്തപുരം – താംബരം, തിരുവനന്തപുരം – ഹൈദരാബാദ്, നാഗർകോവിൽ – മംഗളൂരു എന്നീ അമൃത് ഭാരത് ട്രെയിനുകളാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഒപ്പം ഗുരുവായൂർ തൃശൂർ പാസഞ്ചറുമുണ്ട്. നാഗർകോവിൽ – ചർലാപ്പള്ളി, കോയമ്പത്തൂർ – ധൻബാദ് എന്നീ അമൃത് ഭാരത് ട്രെയിനുകളാണ് തമിഴ്‌നാടിന് ലഭിക്കുക.

ഷൊർണൂർ – നിലമ്പൂർ പാത വൈദ്യുതീകരണവും റെയിൽവേ പാസാക്കിയിട്ടുണ്ട്. ഗുരുവായൂർ – തൃശൂർ പാസഞ്ചർ ദിവസവും സർവീസ് നടത്തും. വൈകിട്ട് 6.10ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 6.50ന് തൃശൂരിലെത്തും. തൃശൂരിൽ നിന്ന് രാത്രി 8.10ന് പുറപ്പെട്ട് 8.45ന് ഗുരുവായൂരിലെത്തും.

Leave a Reply

Your email address will not be published.