കോഴിക്കോട്: കോഴിക്കോട് ഒളവണ്ണയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സർവീസ് റോഡിന്‍റെ ഉൾപ്പെടെ പണി പൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
അതേസമയം പ്രതിഷേധം വ്യാപകമാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. നാളെ കൂടുതൽ മണ്ഡലം കമ്മറ്റികൾ പ്രതിഷേധത്തിൻ്റെ ഭാഗമാകും. ഡിസിസി അധ്യക്ഷനെ അറസ്റ്റ് ചെയ്തത് ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഇന്നത്തെ സമരം താൽകാലികമായി അവസാനിപ്പിച്ചു.
രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിലാണ് ഒളവണ്ണ ഭാഗത്ത് ഇന്ന് മുതൽ ടോൾ പിരിവ് തുടങ്ങുന്നത് . ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 90 രൂപയും , ഇരു വശത്തേക്കും 135 രൂപയുമാണ് . മിനി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് 145 രൂപയും ഇരുവശങ്ങളിലേക്ക് 215 രൂപയുമാണ് . ബസ് , ട്രക്ക് എന്നിങ്ങനെ വലിയ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 300 ഉം , ഇരു വശങ്ങളിലേക്കും 455 മാണ് .
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലുള്ളവർക്ക് 340 രൂപയുടെ പാസ് എടുത്ത് ഒരു മാത്രം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം . ഇത് കൂടാതെ ഇരു വശങ്ങളിലേക്കും 24 മണിക്കൂറിനുളളിൽ യാത്ര ചെയ്യുന്നവർക്ക് 25 ശതമാനമാണ് ഇളവുണ്ട് . ഒരു മാസം 50 യാത്രകൾ തുടർച്ചയായി ചെയ്താൽ 33 ശതമാനവും ഇളവുണ്ട് . എന്നാൽ ടോൾ പിരിവ് കോൺഗ്രസ് തടയും . പരിസര പ്രദേശങ്ങളിലുള്ളവരെ ടോളിൽ നിന്നും ഒഴിവാക്കണം , സർവീസ് റോഡിന്‍റെ പണി പൂർത്തിയാക്കണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കോൺഗ്രസിന്‍റെ പ്രതിഷേധം.







