പുരാതനമായ മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രകുളം നവീകരണം പുനരാരംഭിച്ചു. കാലപ്പഴക്കം മൂലം കുളം നാശത്തിന്റെ വക്കിലായിരുന്നു. 48 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 200 വർഷത്തോളം പഴക്കമുള്ള കുളമാണ് ഇത്. കൊയിലാണ്ടി നഗരപ്രദേശത്ത് മാരാമുറ്റം റോഡിന് സമീപം സ്ഥിതി ചെയ്യുന്ന കുളം ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ 2019 ൽ നവീകരണ പ്രവൃത്തി തുടങ്ങി. കുളത്തിലെ ചളിനീക്കം ചെയ്ത് ഒരു കോൺക്രീറ്റ് ബെൽറ്റും പ്ലാറ്റ് ഫോമും 15 ലക്ഷം രൂപ ചിലവിൽ പണിത് ആദ്യ ഘട്ടം പ്രവർത്തി നടത്തി. ശേഷം രണ്ടു ഘട്ടങ്ങളിലായി 12 ലക്ഷം രൂപ ചിലവിൽ എട്ട് പടവുകൾ കെട്ടി. ഇപ്പോൾ 6 വരി കൂടി കെട്ടുവാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. പ്രത്യേകം ചെത്തിയെടുത്ത 2000 ചെങ്കല്ലും അത്രതന്നെ സാധാരണ കല്ലും ഇതിന് വേണം. എട്ട് ലക്ഷം രൂപ ഇതിന് ചിലവ് പ്രതീക്ഷിക്കുന്നു. ശില്പി ഒ.ടി. വിജയന്റെ നേതൃത്ത്വതിലാണ് പ്രവർത്തി നടത്തുന്നത്.
