നന്തി ബസാർ: നന്തി റെയിൽവേ മേൽപ്പാലത്തിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാഗാഡ് കമ്പനി എം.ഡി. സ്രാവൻ ജെയിനുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. മുഹമ്മദലിയും വാർഡ് അംഗം അനസ് ആയടത്തിലും നേരിട്ട് ചർച്ച നടത്തി.
ജില്ലാ കലക്ടറുടെ പ്രത്യേക നിർദേശപ്രകാരം നന്തി മേൽപ്പാലം ഉൾപ്പെടെ ചെങ്ങോട്ടുകാവ് വരെ ദേശീയപാതയിൽ റീടാറിംഗ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ വാഗാഡ് കമ്പനിയാണ് നിർവഹിക്കുന്നത്. നന്തി മേൽപ്പാലം വരെയുള്ള ഭാഗങ്ങളിൽ റീടാറിംഗ് പൂർത്തിയായെങ്കിലും, മേൽപ്പാലത്തിൽ യാതൊരു പ്രവൃത്തികളും നടക്കാത്തത് പ്രദേശവാസികളിലും യാത്രക്കാരിലും കടുത്ത ആശങ്കയുണ്ടാക്കിയിരുന്നു. ഇതേ തുടർന്നാണ് ജനപ്രതിനിധികൾ വാഗാഡ് എം.ഡിയെ നേരിൽ കണ്ട് വിഷയം ഉന്നയിച്ചത്.
വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനായി ആവശ്യമായ മറ്റ് സൗകര്യങ്ങൾ നിലവിൽ ഇല്ലാത്തതിനാലാണ് താൽക്കാലികമായി പാലത്തിലെ പണി നിർത്തിവെച്ചതെന്ന് എം.ഡി. വിശദീകരിച്ചു. എന്നാൽ പാലത്തിലുണ്ടായിരിക്കുന്ന ഓരോ ഗർത്തങ്ങളും മനുഷ്യജീവന് ഗുരുതര ഭീഷണിയാണെന്നും, അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യം നിലനിൽക്കുന്നതായും മുഹമ്മദലിയും അനസ് ആയടത്തിലും എം.ഡിയെ ബോധ്യപ്പെടുത്തി.
ഇതിനെ തുടർന്ന് വിഷയം അടിയന്തരമായി പരിഗണിക്കുമെന്നും, വളരെ പെട്ടെന്ന് തന്നെ മേൽപ്പാലത്തിലെ പ്രവൃത്തികൾ ആരംഭിക്കുമെന്നും, ഒരുമാസത്തിനുള്ളിൽ നന്തി മേൽപ്പാലത്തെയും നന്തി ടൗണിലെയും റീടാറിംഗ് ഉൾപ്പെടെയുള്ള എല്ലാ അറ്റകുറ്റപ്പണികളും പൂർണമായി പൂർത്തിയാക്കുമെന്നും ഉറപ്പ് നൽകി.







