കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോഴിക്കോട്ടെ സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അദ്ധ്യാപകൻ കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിയെ മർദിച്ചെന്നാണ് പരാതി. കോഴിക്കോട് ഹ്യുമാനിറ്റി ലൈഫ് കെയർ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് കേന്ദ്രത്തിൽ വെച്ചാണ് സംഭവം. ബന്ധുക്കളുടെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ അധ്യാപകനായ വിശ്വനാഥനെതിരെയാണ് പൊലീസ് കേസെടുത്തത്. യുവാവിന്റെ ശരീരത്തിൽ പലഭാഗത്തും മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. മുഖത്തും കൈയിലും കാലിലും തുടയിലുമടക്കം മര്‍ദനമേറ്റിട്ടുണ്ട്.
10 വർഷത്തിലധികമായി സുജിത്ത് വെള്ളയിലെ സ്ഥാപനത്തിൽ പഠിക്കാൻ തുടങ്ങിയിട്ട്. മാസത്തിലൊരിക്കലാണ് സുജിത്തിനെ സ്ഥാപനത്തിലെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാറ്. ചൊവ്വാഴ്ച ഉച്ചയോടെ സുജിത്തിനെ വിളിക്കാനായി എത്തിയപ്പോഴാണ് മർദനത്തിന്റെ പാടുകൾ കണ്ടതെന്ന് സഹോദരനായ അജിത്ത് പറഞ്ഞു.
കൂട്ടിക്കൊണ്ടുപോകാൻ വരുമെന്ന് സ്ഥാപനത്തിലെ അധ്യാപികയെ തിങ്കളാഴ്ച വിളിച്ചറിയിച്ചപ്പോൾ സുജിത്ത് അധ്യാപകരുടെ കൈയിലുണ്ടായിരുന്ന പണം മോഷ്ടിച്ചിട്ടുണ്ടെന്നും അതിനാൽ രണ്ടുമാസം വീട്ടിലേക്കുവിടുന്നില്ലെന്നും പറഞ്ഞിരുന്നു. ഇതിൽ സംശയം തോന്നിയ അജിത്ത് ചൊവ്വാഴ്ച ഉച്ചയോടെ സ്ഥാപനത്തിലെത്തുകയായിരുന്നു. സംഭവത്തിൽ അജിത്ത് വെള്ളയിൽ പോലീസിൽ പരാതി നൽകി. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിക്കേറ്റ യുവാവിന്റെ മൊഴി രേഖപ്പെടുത്തിയശേഷം കേസെടുക്കുമെന്നും വെള്ളയിൽ പോലീസ് പറഞ്ഞു.







