ഹിമാചൽ പ്രദേശ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ സംഘം സപ്ലൈകോ ആസ്ഥാനത്തെത്തി. കേരളത്തിൻ്റെ പൊതുവിതരണ ശൃംഖലയുടെയും വിപണി ഇടപെടലിൻ്റെയും വിജയം നേരിട്ടറിയാനാണ് വൈസ് ചെയർമാൻ വിശാൽ ചമ്പ്യാൽ നേതൃത്വം നൽകിയ 11 അംഗ ഉന്നതതല സംഘമാണ് എറണാകുളം ഗാന്ധിനഗറിലുള്ള സപ്ലൈകോ കേന്ദ്ര കാര്യാലയത്തിൽ സന്ദർശനം നടത്തിയത്.
സപ്ലൈകോ മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ വി എം, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി സംഘം വിശദമായ ചർച്ചകൾ നടത്തി. സപ്ലൈകോയുടെ റീട്ടെയിൽ പ്രവർത്തനങ്ങൾ, നെല്ല് സംഭരണ സംവിധാനം, ദേശീയ ഭക്ഷ്യഭദ്രതാ നിയമ(NFSA) പ്രകാരമുള്ള പിന്തുണാ പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാനമായും സംഘം പഠിച്ചത്. വിപണി ഇടപെടലിലും നെല്ല് സംഭരണത്തിലും സപ്ലൈകോയുടെ പ്രവർത്തന മാതൃകകൾ സംഘം വിലയിരുത്തി. സന്ദർശനത്തിന്റെ ഭാഗമായി ഗാന്ധിനഗർ സപ്ലൈകോ ഹൈപ്പർ മാർക്കറ്റ് സന്ദർശിച്ച്, പ്രവർത്തന സംവിധാനങ്ങളും നേരിട്ട് പരിചയപ്പെട്ടു.
ഹിമാചൽ പ്രദേശ് കോർപ്പറേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ രാജേന്ദ്ര ചൗധരി, വിക്രം ശർമ്മ, നസീമ ബീഗം, പുഷ്പിന്ദർ താക്കൂർ ജനറൽ മാനേജർമാരായ അരവിന്ദ് ശർമ്മ, പങ്കജ് ശർമ്മ , ഫിനാൻഷ്യൽ അഡ്വൈസർ അജയ് മഹാജൻ, ഡിവിഷണൽ മാനേജർ വിജയ് ശർമ്മ, അക്കൗണ്ട്സ് ഓഫീസർ സരിക എന്നിവരും സംഘത്തിലുണ്ടായിരുന്നു







