പിഷാരികാവ് ക്ഷേത്രത്തിൻ്റെ നാലമ്പലം പൊളിച്ചു മാറ്റി ചെമ്പ് പതിക്കുന്നതടക്കമുള്ള നവീകരണ പ്രവൃത്തികൾ ഈ വർഷത്തെ കാളിയാട്ടത്തിന് ശേഷം ആരംഭിക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. 12 കോടിയിലേറെ തുക ചെലവിട്ടുകൊണ്ടാണ് നവീകരണ പ്രവൃത്തി ആരംഭിക്കുന്നത്. പ്രവൃത്തിയുടെ ഭാഗമായി പുതിയ പ്രസാദപ്പുരയുടെ നിർമ്മാണം ഉത്സവത്തിന് മുൻപേ പൂർത്തിയാക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. രണ്ടര കോടിയോളം തുക ചെലവിട്ട് നിർമ്മിക്കുന്ന സമഗ്ര മാലിന്യ നിർമ്മാർജന പ്ലാൻ്റ് അടുത്ത മാസം ഉദ്ഘാടനം ചെയ്യും. അതിന്റെ പ്രവൃത്തി അവസാന ഘട്ടത്തിലാണ്.
കാളിയാട്ട മഹോത്സവം പൂർവ്വാധികം ഭംഗിയായി നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾക്ക് ദേവസ്വം ട്രസ്റ്റി ബോർഡ് അംഗങ്ങളുടെയും ജീവനക്കാരുടെ പ്രതിനിധികളുടെയും യോഗം രൂപം നൽകി. യോഗത്തിൽ ദേവസ്വം ചെയർമാൻ ഇ. അപ്പുക്കുട്ടി നായർ അധ്യക്ഷം വഹിച്ചു. ട്രസ്റ്റി ബോർഡ് അംഗങ്ങളായ പി. നാരായണൻകുട്ടി നായർ, മുണ്ടക്കൽ ഉണ്ണികൃഷ്‌ണൻ നായർ, കെ. ദേവദാസ്, സി. ഉണ്ണികൃഷ്‌ണൻ മാസ്റ്റർ, ടി. ശ്രീപുത്രൻ, പി.പി. രാധാകൃഷ്‌ണൻ, എക്‌സിക്യൂട്ടീവ് ഓഫീസർ കെ. വി. നാരായണൻ, ദേവസ്വം മാനേജർ വി.പി. ഭാസ്‌കരൻ, കെ.കെ രാകേഷ്, പി.സി. അനിൽ കുമാർ, എസ്. അതുൽബാബു എന്നിവർ സംസാരിച്ചു.







