ബംഗ്ലാദേശിലെ ആറാമത് ബോഗറെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ( ( Bogura International Film Festival) മികച്ച അന്താരാഷ്ട്ര ഡോക്യൂമെന്ററിക്കും ഡോക്യൂമെന്ററി വിഭാഗത്തിലെ സിനിമാട്ടോഗ്രാഫിക്കുമുള്ള അവാർഡുകൾ ‘നേച്ചർസ് ബാൻഡേജ്’ (“Nature’s Bandage “) എന്ന ഡോക്യൂമെന്ററി കരസ്ഥമാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇ എം എം ആർ സി ക്കു വേണ്ടി സജീദ് നടുത്തൊടി രചനയും സംവിധാനവും നിർവ്വഹിച്ച ഡോക്യൂമെന്ററിയുടെ കാമറ ചെയ്തത് ബാനിഷ് എം ആണ്. 32 രാജ്യങ്ങളിൽ നിന്നായി 74 സിനിമകൾ വിവിധ വിഭാഗങ്ങളിലായി മത്സരിച്ച ഈ ഫെസ്റ്റിവലിൽ ജനുവരി 8 മുതൽ 10 വരെ ബോഗറെ സിറ്റിയിലെ മബുബാൻ കോംപ്ലക്സിൽ വെച്ചാണ് നടന്നത്.
യുദ്ധത്തിന്റെ മുറിവുകളെ പരിചരിക്കുന്ന പ്രകൃതിയുടെയും സസ്യങ്ങളുടെയും വഴികളെക്കുറിച്ചാണ് ഈ സയൻസ് ഡോക്യൂമെന്ററി ചർച്ച ചെയ്യുന്നത്. ഡോക്യൂമെന്ററിയുടെ ഗവേഷണ പിന്തുണ നൽകിയത് ഇംഗ്ലണ്ടിലെ യോർക്ക് യൂണിവേഴ്‌സിറ്റിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോട്ടണി വകുപ്പുമാണ്.
നേരത്തെ എൻ.സി. ഇ.ആർ.ടിയുടെ ദേശിയ ഫിലിം ഫെസ്റ്റിവലിലും അവാർഡുകൾ കരസ്ഥമാക്കിയ ഈ ഡോക്യൂമെന്ററിയുടെ എഡിറ്റിംഗും വി എഫ് എക്സും നിർവ്വഹിച്ചത് സാജിദ് പീസി ആണ്.
വിദ്യാഭ്യാസ ഡോക്യൂമെന്ററികളും വീഡിയോ ക്ലാസ്സുകളും ഓൺലൈൻ കോഴ്സുകളും തയ്യാറാക്കുന്ന കോഴിക്കോട് സർവകലാശാലയിലെ സ്ഥാപനമാണ് ഇ എം എം ആർ സി. സാമൂഹിക -വിദ്യഭ്യാസ പ്രാധാന്യമുള്ള ഡോക്യൂമെന്ററികൾ മികച്ച സാങ്കേതിക പിന്തുണയോടെ തയ്യാറാക്കാൻ പ്രതേകം ശ്രദ്ധ ചെലുത്തുന്നതിന്റെ ഫലമാണ് ഈ നേട്ടമെന്ന് ഇ എം എം ആർ സി ഡയറക്ടർ ദാമോദർ പ്രസാദ് അറിയിച്ചു.







