കൊയിലാണ്ടി നിയമസഭാ മണ്ഡലത്തില്‍ ആര്‍ ജെ ഡി സംസ്ഥാന സെക്രട്ടറി കെ.ലോഹ്യയെ രംഗത്തിറക്കാന്‍ എല്‍ ഡി എഫ് ആലോചിക്കുന്നു. ആര്‍ ജെ ഡിയ്ക്ക് വടകര മണ്ഡലമാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ വടകര സി പി എമ്മിന് നല്‍കി പകരം കൊയിലാണ്ടി ആര്‍ ജെ ഡിയ്ക്ക് നല്‍കുകയെന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആര്‍ ജെ ഡി അംഗത്തിന്റെ വോട്ട് മാറിയത് കൊണ്ടാണ് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം യു ഡി എഫിന് ലഭിച്ചത്. ഇതിലുളള നീരസം സി പി എം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ട്. വടകര സീറ്റ് സി പി എമ്മിന് ലഭിച്ചാല്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രസിഡന്റ് രമേശന്‍ പാലേരിയെയോ, സി പി എം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷിനെയോ അവിടെ മത്സരിപ്പിച്ച് വിജയിപ്പിക്കാനാണ് സി പി എം ആഗ്രഹിക്കുന്നത്. അതു വഴി ആര്‍ എം പി നേതാവ് കെ.കെ.രമയെ പരാജയപ്പെടുത്താമെന്ന് അവര്‍ കണക്കു കൂട്ടുന്നു.
വടകരയില്‍ ആര്‍ ജെ ഡി തന്നെയാണ് മത്സരിക്കുന്നതെങ്കില്‍ മനയത്ത് ചന്ദ്രന്‍, ഇ.പി.ദാമോദരന്‍, കെ.ലോഹ്യ എന്നിവരെ പരിഗണിക്കും. കൊയിലാണ്ടി സീറ്റാണ് ആര്‍ ജെ ഡിയ്ക്ക് ലഭിക്കുന്നതെങ്കില്‍ കെ.ലോഹ്യ, എം.പി ശിവാനന്ദന്‍ എന്നിവരില്‍ ആരെങ്കിലും സ്ഥാനാര്‍ത്ഥികളാവും. സി പി എം തന്നെയാണ് കൊയിലാണ്ടി മത്സരിക്കുന്നതെങ്കില്‍ ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, അല്ലെങ്കില്‍ മുന്‍ എം. എല്‍ എ കെ.ദാസന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാവും.







