കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാത്രി തലസ്ഥാനത്തെത്തും. രാത്രി പത്തേകാലോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തിന് ഊഷ്മളമായ വരവേൽപ്പ് നൽകും.
മാരാർജി ഭവനിൽ നടക്കുന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ അമിത് ഷാ പങ്കെടുക്കും. തിരഞ്ഞെടുപ്പ് തന്ത്രങ്ങളും സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള പ്രാരംഭ ചർച്ചകളും ഇവിടെ നടക്കും. തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടി അധികാരത്തിലെത്തിയ ബിജെപി വാർഡ് അംഗങ്ങളെ അദ്ദേഹം നാളെ രാവിലെ അഭിസംബോധന ചെയ്യും.
ഉച്ചയ്ക്ക് ശേഷം നടക്കുന്ന സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുത്തുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കർമ്മപദ്ധതി നേതാക്കൾക്ക് വിശദീകരിച്ചു നൽകും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, മുൻ അധ്യക്ഷൻ കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങി കേരളത്തിലെ പ്രമുഖ നേതാക്കളെല്ലാം ഈ യോഗങ്ങളിൽ സംബന്ധിക്കും.
അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാത്രി 7 മണി മുതൽ 11.30 വരെയും, നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണി വരെയും നിയന്ത്രണമുണ്ട്.







