കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമൻ സെൻ സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ശനിയാഴ്ച രാവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ സന്നിഹിതനായിരുന്നു. കൊല്‍ക്കത്ത സ്വദേശിയായ ജസ്റ്റിസ് സൗമന്‍ സെന്‍ 2011ൽ കല്‍ക്കട്ട ഹൈക്കോടതിയിലും 2025 സെപ്റ്റംബറില്‍ മേഘാലയ ഹൈക്കോടതിയിലും ജഡ്ജിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങിൽ വ്യവസായ – നിയമ മന്ത്രി പി രാജീവ്, സ്പീക്കർ എ എൻ ഷംസീർ, വി കെ പ്രശാന്ത് എംഎൽഎ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ്, ചീഫ് സെക്രട്ടറി എ ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ, കേരള ഹൈക്കോടതി ജഡ്ജിമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, ദേവൻ രാമചന്ദ്രൻ, അനിൽ കെ നരേന്ദ്രൻ, കേരള ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂർ, സുപ്രീം കോടതി മുൻ ജഡ്ജ് ഇന്ദിര ബാനർജി, വൈസ് ചാൻസലർമാർ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.







