സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന്റെ അടിയന്തര ഇടപെടൽ തേടി സംസ്ഥാനവ്യാപകമായി സൂചനാ പണിമുടക്ക് നടത്തുമെന്ന് സിനിമ സംഘടനകൾ അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ജനുവരി 22ന് സംസ്ഥാനത്തുടനീളമുള്ള സിനിമ തിയറ്ററുകൾ അടച്ചിടുകയും, സിനിമ ഷൂട്ടിങ്ങുകളും അനുബന്ധ പ്രവർത്തനങ്ങളും അന്നേ ദിവസം നിർത്തിവെക്കുകയും ചെയ്യും.
വിവിധ സിനിമ സംഘടനകൾ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആവശ്യങ്ങൾ അംഗീകരിക്കപ്പെടാത്ത പക്ഷം പ്രതിഷേധം അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകി.
ജി.എസ്.ടി-യ്ക്ക് പുറമേ സംസ്ഥാനതലത്തിൽ ചുമത്തിയിരിക്കുന്ന വിനോദ നികുതി പിൻവലിക്കണമെന്നതാണ് ദീർഘകാലമായി ഉന്നയിക്കപ്പെടുന്ന പ്രധാന ആവശ്യം. ഈ നികുതി സംവിധാനം സിനിമ പ്രദർശനത്തെ പ്രതികൂലമായി ബാധിച്ചുവെന്നാണ് പ്രദർശകരുടെയും നിർമാതാക്കളുടെയും വാദം. പ്രവർത്തനച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ തിയറ്ററുകൾക്ക് പ്രത്യേക വൈദ്യുതി നിരക്ക് അനുവദിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരും സിനിമ വ്യവസായ പ്രതിനിധികളും തമ്മിൽ ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും ഇതുവരെ വ്യക്തമായ തീരുമാനങ്ങളിലേക്കെത്താനായിട്ടില്ലെന്ന് സംഘടനകൾ വ്യക്തമാക്കി. ജനുവരി 14ന് വീണ്ടും ചർച്ച നടത്തുമെന്ന് സർക്കാർ സൂചിപ്പിച്ചിട്ടുണ്ട്.







