കേരള സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സ്വിഫ്റ്റ് (KSRTC SWIFT) വനിതാ ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിലേക്ക് നിയമനത്തിനായുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. തിരുവനന്തപുരം ജില്ല പരിധിയിൽ സർവീസ് നടത്തുന്ന ബസുകളിലേക്കാണ് കരാർ അടിസ്ഥാനത്തിലുള്ള നിയമനം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 21 വൈകിട്ട് 5 മണിയാണ്.
അപേക്ഷകർക്ക് പത്താം ക്ലാസ് അല്ലെങ്കിൽ തുല്യ യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV) അല്ലെങ്കിൽ ഹെവി പാസഞ്ചർ വെഹിക്കിൾ (HPV) ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. കുറഞ്ഞ പ്രായപരിധി 20 വയസാണ്. എൽഎംവി ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് പരമാവധി പ്രായം 30 വയസും, എച്ച്‌പിവി ലൈസൻസ് ഉള്ളവർക്ക് 45 വയസുമാണ്.
പാസഞ്ചർ വാഹനങ്ങൾ ഓടിക്കാൻ യോഗ്യതയുള്ള ആരോഗ്യവതികൾ ആയിരിക്കണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഉദ്യോഗാർത്ഥികൾ www.cmd.kerala.gov.inഎന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. ഓൺലൈനല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കില്ല. അപേക്ഷയ്ക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, ഡ്രൈവിങ് ലൈസൻസ് എന്നിവ തെളിയിക്കുന്ന രേഖകളും പാസ്‌പോർട്ട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്യണം.







