ആധാർ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ലളിതമായ രീതിയിൽ അറിവ് നൽകുന്നതിനായി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) തങ്ങളുടെ ഔദ്യോഗിക മാസ്‌കോട്ട് ‘ഉദയ്’ (UDAI) പുറത്തിറക്കി.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ യുഐഡിഎഐ ചെയർമാൻ നീലകണ്ഠ് മിശ്ര ഈ ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്യുകയും മത്സരവിജയികളെ ആദരിക്കുകയും ചെയ്തു. ആധാർ സേവനങ്ങളെ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. തൃശ്ശൂർ സ്വദേശിയായ അരുൺ ഗോകുലാണ് ‘ഉദയ്’ എന്ന ഈ ചിഹ്നം രൂപകൽപ്പന ചെയ്തത്. മൈ ഗവ് (MyGov) പ്ലാറ്റ്‌ഫോം വഴി നടത്തിയ ദേശീയതല മത്സരത്തിൽ ലഭിച്ച 875 എൻട്രികളിൽ നിന്നാണ് അരുൺ ഗോകുലിന്റെ ഡിസൈൻ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

രൂപകല്പനയിൽ അരുൺ ഗോകുൽ ഒന്നാം സ്ഥാനം നേടിയപ്പോൾ, പൂനെ സ്വദേശി ഇദ്രീസ് ദവായ്‌വാല, ഉത്തർപ്രദേശിലെ കൃഷ്ണ ശർമ്മ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഭോപ്പാൽ സ്വദേശിനി റിയ ജെയിൻ നിർദ്ദേശിച്ച ‘ഉദയ്’ എന്ന പേരാണ് മാസ്‌കോട്ടിനായി തിരഞ്ഞെടുത്തത്.







