കൊല്ലം ചിറയിൽ മാലിന്യം കലർന്ന് ചിറയിൽ കുളിക്കുന്നത് നിരോധിച്ചതിന് പിന്നാലെ തിരുവങ്ങൂർ സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോക്ടർ ഷീബ. കെ. ജെ. യുടെ നിർദ്ദേശപ്രകാരം ചിറയിലെ വെള്ളം വിദഗ്ധ പരിശോധനയ്ക്ക് വേണ്ടി സാമ്പിൾ ശേഖരിച്ച് തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത്ആൻഡ് ക്ലിനിക്കൽ ലാബിലേക്ക് അയച്ചു.
കൂടാതെ ചിറയുടെ സമീപത്തുള്ള വീടുകളുടെയും സ്ഥാപനങ്ങളുടെയും മലിന ജല ടാങ്കുകളും ആരോഗ്യവിഭാഗം പരിശോധന നടത്തി. ചിറയിലേക്ക് മലിന ജലം കലരാൻ സാധ്യത ഉണ്ടോ എന്നുള്ള പരിശോധനയും തുടരുന്നു. മലിന ജലം ചിറയുടെ പരിസരത്ത് അലക്ഷ്യമായി ഒഴുക്കുന്നവരുടെ പേരിൽ നിയമ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. പരിശോധനക്ക് തിരുവങ്ങൂർ സി. എച്ച്. സി. ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി, ഹെൽത്ത് ഇൻസ്പെക്ടർ ലത എ. കെ, ജെ. എച്ച്. ഐ. ജിതിൻ കെ. സി. എന്നിവർ നേതൃത്വം നൽകി. പരിശോധന റിസൾട്ട് ലഭിക്കുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യവിഭാഗം അറിയിച്ചു.







