കൊയിലാണ്ടി യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡണ്ടും കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രഥമ ചെയർമാനും ആയിരുന്ന സി എച്ച് ഹരിദാസിന്റെ 42-ാം ചരമവാർഷികം ആചരിച്ചു. ആദർശത്തിന്റെ കരുത്തും യുവത്വത്തിൻ്റെ ശക്തിയുമായി പ്രവർത്തിച്ച സി.എച്ച് ഹരിദാസ് മികച്ച സംഘാടകൻ, പ്രഭാഷകൻ, അഭിഭാഷകൻ, പത്രപ്രവർത്തകൻ എന്നിങ്ങനെ രാഷ്ട്രീയക്കാരിലെ ബഹുമുഖ പ്രതിഭയായിരുന്നു.
ആദർശ്ശാത്മകമായ നിലപാടുകൾ കൊണ്ട് ഇന്നും നമ്മുടെയെല്ലാം മനസ്സിൽ ജ്വലിച്ചു നിൽക്കുന്ന സി.എച്ച് ഹരിദാസിൻ്റെ ഓർമ്മകൾപുതുതലമുറയ്ക്ക് ആവേശവും പ്രതീക്ഷയുമാണ്. എസി ഷണ്മുഖദാസ് പഠന കേന്ദ്രം സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണം ചേനോത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ.കെ ശ്രീഷു അധ്യക്ഷനായിരുന്നു. കെ. കെ. നാരായണൻ മാസ്റ്റർ, ടി എൻ ദാമോദരൻ നായർ, പി എം ബി നടേരി, പി പുഷ്പജൻ എന്നിവർ സംസാരിച്ചു.







