ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് പതിവായതിനെ തുടർന്ന് യാത്രക്കാരുടെയും റെയിൽവേ സുരക്ഷാ സേനയുടെയും സംയുക്ത സഹകരണത്തോടെ റെയിൽവേ കൂടുതൽ കരുതൽ നടപടികൾ സ്വീകരിച്ചു. റെയിൽവേ ട്രാക്കിന് സമീപം സാമൂഹ്യ വിരുദ്ധ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ട്രാക്കിന് സമീപമുള്ള പോസ്റ്റുകൾ, സൈൻ ബോർഡുകളിലെ നമ്പറുകൾ റെയിൽവേ പോലീസിന് കൈമാറാൻ യാത്രക്കാർക്ക് നിർദേശം നൽകി.
കല്ലേറ് പോലുള്ള അനിഷ്ട സംഭവം ഉണ്ടാകുമ്പോൾ കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിയാതെ വരുന്നതാണ് പലപ്പോഴും പ്രതികളെ കണ്ടെത്താൻ കാലതാമസം നേരിടുന്നത്. ട്രാക്കിന് സമീപം ഓരോ നൂറുമീറ്റർ അകലത്തിലും വെള്ളയിൽ കറുപ്പ് അക്ഷരത്തിൽ കൃത്യമായി ദൂരം അടയാളപ്പെടുത്തിയ കുറ്റികൾ സ്ഥാപിച്ചിട്ടുണ്ട്. ഈ അക്കങ്ങൾ കൃത്യമായി സ്ഥലം കണ്ടെത്താൻ പോലീസിനെ സഹായിക്കും. അതുകൊണ്ട് യാത്രയിൽ സംശയാസ്പദമായത് എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ കുറ്റിയിൽ അടയാളപ്പെടുത്തിയ ഈ നമ്പറുകൾ ശ്രദ്ധിക്കണമെന്നും സുരക്ഷാസേനയ്‌ക്ക് കൈമാറണമെന്നാണ് യാത്രക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
റെയിൽവേ ഭൂമിയിൽ അതിക്രമിച്ച് കടക്കുന്നതും, ട്രാക്കിലും പരിസരത്തും ലഹരിപദാർത്ഥങ്ങളുടെ ഉപയോഗവും, പൊതുമുതൽ നശിപ്പിക്കുന്നതും രാജ്യദ്രോഹകുറ്റമായാണ് കണക്കാക്കുന്നത്. ട്രാക്കിലൂടെയുള്ള പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ പരിപൂർണ പിന്തുണയും ആർപിഎഫ് തേടിയിട്ടുണ്ട്. ജാഗ്രത പുലർത്തുന്നതിനോടൊപ്പം സാമൂഹ്യ വിരുദ്ധശല്യം പൂർണ്ണമായും ഒഴിവാക്കുന്നതിന് ആർ പി എഫ് ഹെല്പ് ലൈൻ നമ്പറിൽ വിവരങ്ങൾ കൈമാറണമെന്നും യാത്രക്കാരോട് റെയിൽവേ അഭ്യർത്ഥിച്ചു.







