കുടുംബശ്രീയുടെ സുസ്ഥിരവികസന സംവിധാനമായ ഹോം ഷോപ്പ് പദ്ധതിയെകുറിച്ച് പഠിക്കാനും പദ്ധതി നടപ്പിലാക്കാനും തെലുങ്കാനയിൽ നിന്നും പഠന സംഘം കോഴിക്കോട്ടെത്തി. വിവിധ ഗ്രാമപഞ്ചായത്തുകളിലെ നാൽപത്തിനാല് കുടുംബശ്രീ ഉൽപാദക യൂനിറ്റുകൾ നിർമിക്കുന്ന വിവിധങ്ങളായ ഉൽപന്നങ്ങൾ ജില്ലയിലെ കോർപ്പറേഷൻ, മുനിസിപാലിറ്റി, പഞ്ചായത്തുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന എണ്ണൂറ്റി എഴുപത്തി മൂന്ന്
ഹോം ഷോപ്പ് ഓണർമാർ ചുമതലയുള്ള വാർഡുകളിലെ വീടുകളിൽ വിപണനം നടത്തുന്ന പദ്ധതിയാണ് ഹോം ഷോപ്പ് പദ്ധതി. 2010 ൽ കോഴിക്കോട് ജിലയിൽ ആരംഭിച്ച ഹോം ഷോപ്പ് പദ്ധതി പതിനഞ്ച് വർഷം പൂർത്തീകരിക്കുമ്പോൾ ആയിരത്തി അഞ്ഞൂറിലധികം കുടുംബശ്രീ വനിതകൾക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിന് ഈ പദ്ധതി മൂലം സാധ്യമായി.
” സ്കോച്ച് ” ദേശീയ അവാർഡ് അടക്കം നിരവധി അംഗീകാരം ഈ കാല ദൂരത്തിനുള്ളിൽ ലഭിക്കുകയുണ്ടായി.
ഹോം ഷോപ്പ് പദ്ധതി കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കുന്ന മാതൃക ഉപയോഗപ്പെടുത്തി മറ്റു ജില്ലകളിലും പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുന്നു. കോഴിക്കോട് ജില്ലയിൽ ഈ പദ്ധതിയിൽ ജോലി ചെയ്യുന്ന ഹോം ഷോപ്പ് ഓണർമാർക്ക് നിരവധി ക്ഷേമപദ്ധതികളും സുരക്ഷാ പദ്ധതികളും നടപ്പിലാക്കിവരുന്നു.
ഇതേ മാതൃകയിൽ തെലുങ്കാനയിലും നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ തെലുങ്കാനയിൽ നിന്നും സീനിയർ കൺസൾട്ടൻ്റ് (മാർക്കറ്റിംഗ് SERP), രാമു എലുരി, സീനിയർ കൺസൾട്ടൻ്റ് (ബ്രാൻ്റിംഗ് SERP), ദിവ്യ മച്ചിനേനി, സാവിത്രി പി കെ (സ്റ്റേറ്റ് പ്രൊജക്ട് കോഡിനേറ്റർ കേരള കുടുംബശ്രീ, നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ) എന്നിവർ കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതി ഓഫീസിൽ സന്ദർശനം നടത്തി.
കുടുംബശ്രീ ഹോം ഷോപ്പ് സി.ഇ.ഒ ഖാദർ വെള്ളിയൂർ പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തി. കൂടാതെ ഉൽപന്ന സംഭരണ കേന്ദ്രം പ്രവർത്തനങ്ങൾ, നൊച്ചാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന സമത ഉൽപാദന യൂണിറ്റ്, ഹോം ഷോപ്പ് ഓണർമാരുടെ പ്രവർത്തന രീതിയും കേന്ദ്രങ്ങളും സന്ദർശനം നടത്തി. മാനേജ്മെൻ്റ് ടീം അംഗങ്ങളായ സി.ഷീബ, കെ ഇന്ദിര, ഹസ്ന ഷമീർ (മാനേജർ) ജെ കെ.മഹിജ (സോണൽ മാനേജർ), ബ്ലോക്ക് കോഡിനേറ്റർമാരായ
കെ. വിപ്ന, എ.പി ശ്രീജിഷ, കെ. ഷിമിജ, ലിജിന ഗീതാലയം, കെ.എം രജില, പി.വി ഷേർളി എന്നിവർ പങ്കെടുത്തു.







