സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചന. കടമെടുപ്പ് പരിധി കേന്ദ്ര സർക്കാർ വൻതോതിൽ വെട്ടിക്കുറച്ചതോടെയാണ് പ്രതിസന്ധി ഏറെ രൂക്ഷമായത്. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാൻ സാധ്യതയുണ്ടെന്ന ആശങ്ക ശക്തമാകുന്നു.
നികുതി വരുമാനത്തിന് പുറമെ പ്രതിമാസം ശരാശരി 2,000 കോടി രൂപ അധികമായി ചെലവഴിക്കുന്ന സംസ്ഥാന സർക്കാർ ഈ തുക കടമെടുപ്പിലൂടെയാണ് കണ്ടെത്തുന്നത്. എന്നാൽ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ ചെലവ് കുത്തനെ ഉയരുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്.
കരാറുകാർക്കും മറ്റ് ബാധ്യതകൾക്കുമായി അവസാന മൂന്ന് മാസത്തിനിടെ ഏകദേശം 20,000 കോടി രൂപ നൽകേണ്ടതുണ്ട്. ഇതിനൊപ്പം ശമ്പളവും പെൻഷനും നൽകാൻ 15,000 കോടി രൂപ കൂടി ആവശ്യമായി വരും.ക്ഷേമപെൻഷൻ തുക 2,000 രൂപയായി വർധിപ്പിച്ചതോടെ വിതരണത്തിനായി അധികധനം കണ്ടെത്തേണ്ട സാഹചര്യമുമുണ്ട്. നിലവിലെ സാമ്പത്തിക അവസ്ഥയിൽ ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങുന്നതെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.







