തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ ശബരിമല മകരവിളക്ക് ഉത്സവത്തിനായുള്ള മുന്നൊരുക്കങ്ങൾ ദ്രുതഗതിയിലാക്കി. ശുചീകരണത്തിനായി ദേവസ്വം ബോർഡിൽനിന്ന് 500ഓളം പേരെ നിയോഗിച്ചു. 1000 വിശുദ്ധി സേനാംഗങ്ങളെ കൂടാതെയാണിത്. മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തീർഥാടകരുടെ എണ്ണം 5,38,000 കടന്നു. തിങ്കളാഴ്‌ച 77,887 തീർഥാടകർ ദർശനം നടത്തി.
മകരവിളക്ക് ദിവസത്തോടനുബന്ധിച്ച് അപ്പം, അരവണ വിതരണത്തിന് നിയന്ത്രണമുണ്ടാകില്ലെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ ഒ ജി ബിജു പറഞ്ഞു. 15 ലക്ഷത്തോളം ടിൻ അരവണ സ്‌റ്റോക്കുണ്ട്. ദിവസം മൂന്ന് ലക്ഷം ടിൻ അരവണ ഉണ്ടാക്കുന്നുമുണ്ട്.
വൈദ്യുതി, ആരോഗ്യസംവിധാനങ്ങളും കൂടുതൽ കാര്യക്ഷമമാക്കും. നിലവിലെ 12 ആംബുലൻസുകൾ കൂടാതെ 27 എണ്ണം കൂടി സജ്ജമാക്കും. തിരക്ക് നിയന്ത്രിക്കാൻ മകരവിളക്കിനോടനുബന്ധിച്ച് കൂടുതൽ പൊലീസ് സന്നാഹമുണ്ടാകും. പമ്പയിലേക്ക് സർവീസിനായി 900 കെഎസ്ആർടിസി ബസുകൾ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ നടത്തും.







