കോഴിക്കോട് സര്‍വ്വോദയ സംഘത്തിന് കീഴിലെ ചേമഞ്ചേരി നെയ്ത്തു കേന്ദ്രത്തിലെ കമലയ്ക്കും, ശ്യാമളയ്ക്കും ജനുവരി 26ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്ന് പ്രത്യേകം ക്ഷണം. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരെയും കരകൗശല വിദഗ്ധരെയുമാണ് ഇത്തവണ പ്രത്യേക ക്ഷണിതാക്കളായി റിപ്പബ്ലിക്ക് ദിന പരിപാടിയിലേക്ക് പരിഗണിച്ചത്. നെയ്ത്തു മേഖലയില്‍ നിന്ന് നാല് പേരെ ആവശ്യപ്പെട്ടപ്പോള്‍ കോഴിക്കോട് സര്‍വോദയ സംഘം തിരഞ്ഞെടുത്തത് കുപ്പടം സാരി നെയ്ത്തില്‍ അഗാധ പ്രാവീണ്യമുളള കമല ഷിംജിത്തിനെയും കുപ്പടം മുണ്ട് നെയ്ത്തില്‍ പ്രാവീണ്യമുള്ള ശ്യാമള ബാലകൃഷ്ണനെയുമായിരുന്നു. പയ്യന്നൂര്‍ ഗ്രാമോദയ ഖാദി സംഘത്തിലെ രണ്ട് നെയ്ത്തുകാര്‍ക്കും ഡല്‍ഹിയിലേക്ക് ക്ഷണമുണ്ട്. ജനുവരി 22ന് കമലയും ശ്യാമളയും കൊയിലാണ്ടിയില്‍ നിന്ന് ഡല്‍ഹിയ്ക്ക് വണ്ടി കയറും.
കുപ്പടം സാരികള്‍ നെയ്യാന്‍ പരിശീലനം ലഭിച്ച സംസ്ഥാനത്തെ ശേഷിക്കുന്ന ഏക നെയ്ത്തുകാരിയാണ് കമല. കുപ്പടം ധോത്തി നെയ്ത്തിലാണ് ശ്യാമള വ്യക്തിമുദ്ര പതിപ്പിച്ചത്. രണ്ട് നെയ്ത്തുകാരുടെ ഏകോപിത പങ്കാളിത്തം വേണ്ട നെയ്ത്ത് രീതിയാണ് കുപ്പടം സാരി നെയ്ത്ത്. സാധാരണ കൈത്തറിയില്‍ പോലെ മുന്‍കൂട്ടി നിശ്ചയിച്ച രൂപകല്പനകളല്ല കുപ്പടം സാരിയില്‍ ഉണ്ടാവുകയെന്ന് കമല പറയുന്നു. തന്റെ മനസ്സില്‍ തത്സമയം ഉദിക്കുന്ന ആശയപ്രകാരമാണ് ഡിസൈനുകള്‍ സൃഷ്ടിക്കുക. കുപ്പടം സാരികളുടെ നിര്‍മ്മാണത്തില്‍ ബിന്ദു എന്ന സഹപ്രവര്‍ത്തകയും സഹായത്തിനുണ്ട്.
ഒരു വര്‍ഷത്തില്‍ വ്യത്യസ്തമായി നൂറോളം സാരികളാണ് ഇവിടെ ഞങ്ങള്‍ നെയ്യുന്നത്. ഓരോ സാരിക്കും 6,000 മുതല്‍ 8,000 രൂപവ വരെ വില വരും. ദക്ഷിണേന്ത്യിലെ എറ്റവും വലിയ ഖാദി എംപോറിയമായി കോഴിക്കോട് മിഠായിതെരുവിലെ ഷോറൂമില്‍ കുപ്പടം സാരിയും മുണ്ടുമെല്ലാം ലഭിക്കും. മികച്ച ഗുണനിലവാരമുള്ളവയായതിനാല്‍ കുപ്പടം സാരികള്‍ തലമുറകളിലേക്ക് കൈമാറപ്പെടാറുണ്ടെന്ന് കമല പറയുന്നു. നിരവധി രാഷ്ട്രീയ നേതാക്കള്‍ കുപ്പടം സാരികളുടെ സ്ഥിരം ഉപഭോക്താക്കളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ക്രീം നിറത്തിലുള്ള സാരിയില്‍ ബോര്‍ഡറിനാണ് മറ്റു നിറങ്ങള്‍ നല്‍കുക. എംബ്രോയ്ഡറി വര്‍ക്കും സാരിയിലുണ്ടാകും. ഒരു സാരി നെയ്‌തെടുക്കാന്‍ ഒരാഴ്ചയെടുക്കും. സിംഗിള്‍ ധോത്തിക്ക് ഏകദേശം 1000 രൂപയും ഡബിള്‍ ധോത്തിയ്ക്ക് 3000 രൂപയ്ക്ക് മുകളിലുമാണ് വില.
കമലയും ശ്യാമളയും കൗമാരപ്രായത്തില്‍ തന്നെ കൈത്തറി മേഖലയില്‍ പ്രവേശിച്ചവരാണ്. അമ്മയും നാല് സഹോദരിമാരും ബന്ധുക്കളും എല്ലാം നെയ്ത്തുകാരായതിനാല്‍ കമലയുടെ ബാല്യം ചേമഞ്ചേരി നെയ്ത്തു കേന്ദ്രത്തിലായിരുന്നു. ശ്യാമളയും പതിനാലാം വയസ്സു തൊട്ട് നെയ്ത്ത് പരിശീലനം ആരംഭിച്ചു. മൂന്നു പതിറ്റാണ്ടിലേറെയായി ഇരുവരും ഈ രംഗത്ത് സജീവമാണ്.
1962-ല്‍ കേരള ഗാന്ധി കെ. കേളപ്പന്‍ സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗം ഒരുക്കുന്നതിനായി സ്ഥാപിച്ചതാണ് ചേമഞ്ചേരി സര്‍വോദയ സംഘം യൂനിറ്റ്. ഇവിടെ സ്ത്രീ നെയ്ത്തുകാരേയുള്ളൂ.ഏറെ ആവശ്യക്കാരുള്ള കുപ്പടം വസ്ത്രങ്ങള്‍ക്ക് ഈ യൂണിറ്റ് പ്രസിദ്ധമാണ്. അമ്പതോളം സ്ത്രീ തൊഴിലാളികള്‍ ചേമഞ്ചേരി ഖാദി യൂണിറ്റില്‍ ജോലി ചെയ്യുന്നുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് ഖാദിയുമായി ബന്ധപ്പെട്ട ഒരു പ്രധാന കേന്ദ്രമായിരുന്ന ചേമഞ്ചേരിയിലേത്.







