തിരുവനന്തപുരം: അഗസ്ത്യാർകൂടം സീസണൽ ട്രെക്കിങ്ങിന് സന്ദർശകരെ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെയാണ് ഇത്തവണത്തെ ട്രെക്കിങ് നടക്കുക. ഒരാൾക്ക് ആകെ 3000 രൂപയാണ് നിരക്ക്. ഇതിൽ 2420 രൂപ ട്രെക്കിങ് ഫീസും 580 രൂപ ഇക്കോസിസ്റ്റം മാനേജ്‌മെന്‍റ് ഫീസും ഉൾപ്പെടും.
അതേസമയം, ട്രക്കിങ്ങിന് പോകാൻ താൽപര്യമുള്ളവർ യാത്രയ്ക്ക് ഏഴു ദിവസത്തിനുള്ളിൽ ലഭിച്ച മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് (മോഡേൺ മെഡിസിൻ ഡോക്ടറുടേത്) ഹാജരാക്കണം.
ട്രക്കിങ്ങിനുള്ള ഓൺലൈൻ ബുക്കിങ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ജനുവരി 14 മുതൽ 31 വരെ നടക്കുന്ന ട്രെക്കിങ്ങിനുള്ള ബുക്കിങ് ജനുവരി ആദ്യ വാരത്തിൽ ആരംഭിക്കും. അതേസമയം, ഫെബ്രുവരി 1 മുതൽ 11 വരെ ട്രെക്കിങ് പോകാൻ ആഗ്രഹിക്കുന്നവർക്ക് ജനുവരി മൂന്നാം വാരത്തിന്‍റെ അവസാന ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ട്രെക്കിങ്ങിന് പോകുന്നവർ ആവശ്യമായ ആരോഗ്യ പരിശോധനകൾ മുൻകൂട്ടി നടത്തേണ്ടതാണ്.







