ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിച്ച് ഹൈക്കോടതി. ഈ മാസം അവസാനം വരെയാണ് ഹൈക്കോടതി സമയം അനുവദിച്ചത്. അന്വേഷണ സംഘത്തലവന്‍ എസ് പി ശശിധരന്‍ നേരിട്ടെത്തിയാണ് മുദ്രവെച്ച കവറില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്താനും കോടതി എസ്‌ഐടിക്ക് അനുവാദം നല്‍കി.
ഇതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതി എസ് പി ശശിധരന്‍ കോടതിയില്‍ വിശദീകരിച്ചു. കേസ് ഡിസംബര്‍ മൂന്നിന് പരിഗണിച്ചപ്പോള്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റിനു ശേഷം അന്വേഷണം മന്ദഗതിയിലായതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് മുന്‍ അംഗം വിജയകുമാറിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവരെ എസ്‌ഐടി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
നേരത്തെ ജനുവരി 17 വരെയാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് എസ്‌ഐടി കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തിന്റെ വേഗത്തെ ബാധിക്കുന്നുവെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്.







