കൊടുവള്ളി ദേശീയപാതയ്‌ക്ക് സമീപമുള്ള പാലക്കുറ്റിയിലെ മന്തി കടയിൽ തീപിടിത്തം. കട പൂർണമായി കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടമാണ് സംഭവിച്ചിട്ടുള്ളത്. അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആളപായമില്ല.
ഇന്ന് (ജനുവരി 05) രാവിലെ പത്തരയോടെയാണ് കടയിൽ അഗ്നിബാധയുണ്ടായത്. കടയിൽ നിന്നും തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത് പ്രദേശവാസികളാണ്. തുടർന്ന് തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും കടയ്‌ക്കുള്ളിൽ തീ പെട്ടെന്ന് ആളിപ്പടർന്ന് കട മുഴുവനായി കത്തുകയായിരുന്നു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഫയർ യൂണിറ്റിൻ്റെ പരിശോധനകൾക്ക് ശേഷം മാത്രമെ കൃത്യമായ വിവരം അറിയാൻ സാധിക്കുകയുള്ളൂ. കടയ്‌ക്ക് അകത്തുണ്ടായിരുന്ന ഫർണിച്ചറുകൾ, ഇലക്ട്രോണിക്‌സ്, ഉപകരണങ്ങളും സാധനസാമഗ്രികളും കത്തി നശിച്ചു.







