തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ അഗ്നിബാധ. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്. 600ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ് ലഭ്യമാകുന്ന വിവരങ്ങള്‍. റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ ഗേറ്റിനടുത്തായാണ് തീപിടിച്ചത്. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് വിവരങ്ങൾ.
വാഹനങ്ങളിലെല്ലാം തന്നെ ഇന്ധനമുള്ളതിനാൽ തീ അണയ്ക്കുന്നത് ശ്രമകരമാകും. ആളുകൾക്ക് അപകടമുണ്ടായിട്ടില്ല. പാർക്കിങ് ഷെഡ്ഡിനുള്ളിൽ തീ ആളിപ്പടർന്ന അവസ്ഥയിലാണ്. തീപ്പിടത്തെ തുടർന്ന് ട്രെയിൻ ഗതാഗതത്തെ ബാധിച്ചേക്കും
രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂർണമായും കത്തി നശിച്ചു. നിർത്തിയിട്ടിരുന്ന എൻജിനും കത്തി. എൻജിൻ തീപിടുത്തം ഉണ്ടായ സ്ഥലത്തുനിന്നും മാറ്റി. അഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.







