ദേശീയപാത 66-ന്റെ ഭാഗമായി നിർമ്മാണത്തിലിരിക്കുന്ന തിരുവങ്ങൂർ അണ്ടർപാസിന്റെ ഒരു ഭാഗം അപകടകരമായ വിധത്തിൽ ഇടിഞ്ഞുതാഴ്ന്ന പശ്ചാത്തലത്തിൽ വടകര എം.പി. ഷാഫി പറമ്പിൽ സ്ഥലം സന്ദർശിച്ചു. എൻ.എച്ച്.എ.ഐ (NHAI) പ്രോജക്ട് ഡയറക്ടറോടൊപ്പം നിർമ്മാണത്തിലിരിക്കുന്ന അണ്ടർപാസ് സന്ദർശിച്ച എം.പി, നിർമ്മാണത്തിലെ അടിക്കടിയുണ്ടാകുന്ന വീഴ്ചകൾ വളരെ ഗൗരവതരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
തിരുവങ്ങൂർ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉണ്ടായ അപകടം കണക്കിലെടുത്ത് നിലവിലെ നിർമ്മാണ രീതികൾ അടിയന്തിരമായി പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അപകടകരമായ നിലയിലുള്ള എംബാങ്ക്മെന്റുകൾ മാറ്റി പകരം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന രീതിയിൽ ഫ്ലൈഓവർ നിർമ്മിക്കണമെന്ന ആവശ്യം അദ്ദേഹം ഉദ്യോഗസ്ഥരോട് ഉന്നയിച്ചു.
ടൂറിസം സാധ്യതയുള്ള മേഖലകളും തിരുവങ്ങൂർ ഹൈസ്കൂൾ, ആശുപത്രി എന്നിവ ഉൾപ്പെടുന്ന തീരദേശ ഭാഗങ്ങളിലേക്ക് കൂടുതൽ സുരക്ഷിതമായ കണക്റ്റിവിറ്റി ഉറപ്പാക്കാൻ നിലവിലെ അണ്ടർപാസ് എംബാങ്ക്മെന്റ് മാറ്റി ഫ്ലൈഓവർ ആക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
അഴിയൂർ മുതൽ വെങ്ങളം വരെയുള്ള റീച്ചിലെ നിർമ്മാണത്തിലെ അശാസ്ത്രീയതകളും അപാകതകളും ചൂണ്ടിക്കാട്ടി എം.പി. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക പരിശോധനയ്ക്ക് കേന്ദ്രസംഘം എത്തുമെന്നും എം.പി അറിയിച്ചു. നിലവിൽ പ്രസ്തുത റീച്ചിൽ നിർമാണത്തിലെ ശാസ്ത്രീയത ഉറപ്പു വരുത്തുന്നതിന് വേണ്ടി NHAI യുടെ നേതൃത്വത്തിൽ ജിയോടെക് പരിശോധന നടക്കുവാണ്. ഇതിനു പുറമെ, ഹരിയാനയിലെ മുൻ പി.ഡബ്ല്യു.ഡി (PWD) ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ പ്രദേശങ്ങളിൽ ഉടൻ പരിശോധന നടത്തുക. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് സുരക്ഷിതമായ പാത ഒരുക്കാൻ ദേശീയപാത അതോറിറ്റി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സന്ദർശന വേളയിൽ എം.പി ആവശ്യപ്പെട്ടു. എം.കെ. രാഘവൻ എം.പി യുംസ്ഥലം സന്ദർശിച്ചു.
ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ കെ. പ്രവീൺ കുമാർ രാജേഷ് കീഴരിയൂർ മുരളി തോറോത്ത് , കണ്ണൻഞ്ചേരി വിജയൻ , എം.പി മൊയ്തീൻ കോയ , ഷബീർ എളവനക്കണ്ടി ,അനിൽകുമാർ പാണലിൽ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദ , ആലിക്കോയ കണ്ണൻകടവ് പഞ്ചായത്ത് മെമ്പർമാരും ഒപ്പമുണ്ടായിരുന്നു







