ദേശീയ പാത NH 66 മേൽപ്പാലത്തിന്റെ പ്രവർത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തി കൊണ്ടാവണം : ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കളക്ടർക്ക് പരാതി നൽകി.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലൂടെ കടന്നു പോവുന്ന നാഷണൽ ഹൈവേ NH 66 ന്റെ തിരുവങ്ങൂർ ഭാഗത്തായി നിർമിക്കുന്ന മേൽപ്പാലത്തിന്റെ പ്രവർത്തി പുരോഗമിക്കുന്നതിനിടെ മുകൾ നിരയിലെ സ്ലാബ് പ്രവർത്തിയിലെ അശ്രദ്ധ കാരണം താഴേക്ക് വീഴുകയുണ്ടായി. ഉദ്യോഗസ്ഥരുടെ അഭാവവും അശ്രദ്ധയും കാരണം പ്രവർത്തിയിലെ അപാകതകൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്.
3500 ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ, പ്രയാസം അനുഭവിക്കുന്ന രോഗികളുടെ ആശ്രയ കേന്ദ്രമായ തിരുവങ്ങൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം, ചേമഞ്ചേരി വില്ലേജ് ഓഫീസ്, കാപ്പാട് കടപ്പുറത്തേക്കുള്ള പ്രധാന എൻട്രൻസ് ഉൾപ്പെടെയുള്ള ചേമഞ്ചേരിയിലെ പ്രധാന ടൗണായ തിരുവങ്ങൂരിലെ മേൽപ്പാല നിർമാണം അശാസ്ത്രീയമാണെന്ന് ഷാഫി പറമ്പിൽ എം പി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ കേന്ദ്ര മന്ത്രി നിതിൻ ഗദ്കരിയെ ഉൾപ്പെടെ നേരിട്ട് അറിയിച്ചിട്ടും ഉള്ളതാണ്. അവധി ദിവസമായതിനാലാണ് കുട്ടികൾ ഉൾപ്പെടെയുള്ള ആളുകൾ ഉപയോഗിക്കുന്ന ഈ പ്രദേശത്തു വലിയ ഒരു ദുരന്തം ഒഴിവായത്.
മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാതെ പുരോഗമിക്കുന്ന മേൽപ്പാലത്തിന്റെ പ്രവർത്തി ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിർത്തിവെക്കണമെന്നും മേൽപ്പാലം എലിവാറ്റഡ് ആക്കണമെന്നും അഭ്യർത്ഥിച്ചു കൊണ്ടാണ് കത്ത് നൽകിയിരിക്കുന്നത്.







