പൊതുജനങ്ങൾക്ക് സ്വയം ആധാരമെഴുതാനുള്ള സൗകര്യം ഒഴിവാക്കി ആധാരം രജിസ്ട്രേഷന് സംസ്ഥാനമൊട്ടാകെ സർക്കാർ അംഗീകരിച്ചിട്ടുള്ള മാതൃകകൾ (ടെംപ്ലേറ്റ്) ഉപയോഗിക്കാൻ രജിസ്ട്രേഷൻ വകുപ്പ്.
ഫോം രൂപത്തിലുള്ള 19 ടെംപ്ലേറ്റ് ഉപയോഗിക്കുന്നതിന് ആധാരമെഴുത്തുകാർക്കും അഭിഭാഷകർക്കും മാത്രമേ നിലവിൽ അനുമതിയുള്ളൂവെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ആധാരങ്ങളുടെ രജിസ്ട്രേഷൻ ലളിതവും വേഗത്തിലുമാക്കാനാണ് ടെംപ്ലേറ്റ് സംവിധാനം.
പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ വില്ലേജുകളിലെ സബ് രജിസ്ട്രാർ ഓഫീസുകളിലാണ് ടെംപ്ലേറ്റ് ഉപയോഗിച്ചുള്ള ആധാരം രജിസ്ട്രേഷൻ ആദ്യം നടപ്പാക്കുക. അത് വിലയിരുത്തിയ ശേഷം മറ്റ് സബ് രജിസ്ട്രാർ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കും. കാസർകോട് ബദിയടുക്ക സബ് രജിസ്ട്രാർ ഓഫീസിൽ ടെംപ്ലേറ്റ് സൗകര്യം ഉപയോഗിച്ച് ഓൺലൈനായി ആധാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ആധാരങ്ങളിൽ രേഖപ്പെടുത്തേണ്ട വിവരങ്ങളെല്ലാം നിശ്ചിത മാതൃകയിലുള്ള ഫോമിൽ കൃത്യതയോടെ ചേർത്ത് നൽകുന്നതാണ് ടെംപ്ലേറ്റിൻ്റെ രീതി. അധിക വിവരങ്ങളുണ്ടെങ്കിൽ അത് രേഖപ്പെടുത്താൻ പ്രത്യേക സ്ഥലവും ഉണ്ടാകും. ഇതെല്ലാം ചേർത്ത് ഓൺലൈൻ മുഖേന സബ്രജിസ്ട്രാർക്ക് സമർപ്പിച്ച് ഇ സ്റ്റാംപിങ് സംവിധാനത്തിലൂടെ സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒടുക്കിയാൽ രജിസ്ട്രേഷൻ പൂർത്തിയാകും. ആധാരം എഴുത്തുകാർ മുഖേനയാകും ഇതെല്ലാം നടപ്പാക്കുക.







