ഈ മാസം അവസാനത്തോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കോൺഗ്രസ്. ജനുവരി 15-ന് ശേഷം ഔദ്യോഗിക സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് പാർട്ടി കടക്കും. ഇതുസംബന്ധിച്ച പ്രാരംഭ ചർച്ചകൾ വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നാളെ ആരംഭിക്കുന്ന ദ്വിദിന ക്യാമ്പിൽ നടക്കും.
മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. ആകെ സീറ്റുകളുടെ പകുതിയോളം യുവാക്കൾക്കും വനിതകൾക്കുമായി മാറ്റിവെക്കാനാണ് കോൺഗ്രസ് ആലോചന.
മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ ഉടൻ പൂർത്തിയാക്കും.എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ എന്ന കാര്യത്തിൽ എ.ഐ.സി.സി ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുക.
ഭരണം തിരിച്ചുപിടിക്കുക എന്നതുമാത്രമാണ് ഇപ്പോൾ കോൺഗ്രസിന്റെ ഏക ലക്ഷ്യമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. ആര് മുഖ്യമന്ത്രിയാകണം എന്നത് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇക്കുറി തർക്കങ്ങളുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







