റെയിൽവേയുടെ പുതിയ സമയക്രമം നാളെമുതൽ പ്രാബല്യത്തിലാകും. ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി വൈകിട്ട് 4.55നു പകരം 5.05ന് എറണാകുളത്ത് എത്തും. തിരുവനന്തപുരം– സിക്കന്ദരാബാദ് ശബരി എക്സ്പ്രസ് 30 മിനിറ്റ് നേരത്തേ രാവിലെ 10.40ന് എറണാകുളം ടൗണിലെത്തും. തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല. ചെങ്കോട്ട വഴിയുള്ള കൊല്ലം– ചെന്നൈ എക്സ്പ്രസ് ഒന്നര മണിക്കൂർ നേരത്തേ രാവിലെ 6.05ന് ചെന്നൈ താംബരത്ത് എത്തും.
ന്യൂഡൽഹി– തിരുവനന്തപുരം കേരള എക്സ്പ്രസ് 20 മിനിറ്റ് നേരത്തേ വൈകിട്ട് 4.30ന് എറണാകുളം ടൗണിലെത്തും. ഇടസ്റ്റേഷനുകളിലെ സമയങ്ങളിൽ ചെറിയ വ്യത്യാസമുണ്ടെങ്കിലും തിരുവനന്തപുരത്ത് എത്തുന്ന സമയത്തിൽ മാറ്റമില്ല.
വൈഷ്ണോദേവി കട്ര– കന്യാകുമാരി ഹിമസാഗർ വീക്‌ലി എക്സ്പ്രസ് രാത്രി 8.25ന് പകരം 7.25നു തിരുവനന്തപുരത്ത് എത്തും. മറ്റു സ്റ്റേഷനുകളിലെ സമയത്തിലും മാറ്റമുണ്ട്. ചെന്നൈ– ഗുരുവായൂർ എക്സ്പ്രസ് രാവിലെ 10.20നു പകരം 10.40ന് ചെന്നൈ എഗ്‌മോറിൽനിന്നു പുറപ്പെടും.







