കോഴിക്കോട് നടക്കുന്ന 2026 ലെ കേരള സാഹിത്യോത്സവത്തിൽ (കെഎൽഎഫ്) ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് പങ്കെടുക്കും. ജനുവരി 22 ന് ആരംഭിക്കുന്ന കേരള സാഹിത്യോത്സവത്തിൻ്റെ ഒമ്പതാമത് പതിപ്പിൽ നാസയിലെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഡിസി ബുക്സിൻ്റെയും കെഎൽഎഫിൻ്റെയും അഭ്യുദയകാംക്ഷി കൂടിയാണ് സുനിതയെന്ന് ഡിസി ബുക്സ് മാനേജിങ് ഡയറക്‌ടറും കെഎൽഎഫിൻ്റെ ചീഫ് ഫെസിലിറ്റേറ്ററുമായ രവി ഡിസി പറഞ്ഞു. പല ഘട്ടങ്ങളിലായി മുന്നൂറ് ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ച അറുപതുകാരിയായ സുനിത വില്യംസ് ഭൂമിക്കപ്പുറമുള്ള തൻ്റെ യാത്രകളെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കിടും.
ബുച്ച് വിൽമോറിനൊപ്പം കഴിഞ്ഞ വർഷം ജൂണിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള അവരുടെ മൂന്നാമത്തെ ദൗത്യത്തിൽ ഏറ്റവും കൂടുതൽ സമയം ബഹിരാകാശ നടത്തം നടത്തിയ സ്ത്രീ എന്ന റെക്കോർഡ് സ്ഥാപിച്ച് സുനിത ചരിത്രം സൃഷ്‌ടിച്ചിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള റഷ്യൻ സംഭാവനയെക്കുറിച്ച് റഷ്യൻ സ്പേസ് ഏജൻസിയുമായി മോസ്കോയിലും അവർ പ്രവർത്തിച്ചു.
ലോകമെമ്പാടുമുള്ള 500-ലധികം പ്രഭാഷകർ കെഎൽഎഫ് 2026-ൽ പങ്കെടുക്കും, ഈ വർഷത്തെ പതിപ്പിൽ ജർമ്മനി അതിഥി രാഷ്ട്രമായി പങ്കെടുക്കും. നോബൽ സമ്മാന ജേതാക്കളായ അബ്‌ദുൾ റസാക്ക് ഗുർണ, ഓൾഗ ടോകാർചുക്ക്, അഭിജിത് എന്നിവർ ഫെസ്റ്റിവലിൽ പ്രഭാഷണങ്ങൾ നടത്തും. ബുക്കർ സമ്മാന ജേതാവായ എഴുത്തുകാരിയും ആക്‌ടിവിസ്റ്റുമായ ബാനു മുഷ്‌താഖ്, ഒളിമ്പ്യൻ ബെൻ ജോൺസൺ, മുൻ പെപ്‌സികോ സിഇഒ ഇന്ദ്ര നൂയി, കലാകാരി ഷെയെൻ ഒലിവിയർ, സാമ്പത്തിക വിദഗ്ധൻ അരവിന്ദ് സുബ്രഹ്‌മണ്യൻ, പ്രശസ്‌ത എഴുത്തുകാരായ ഗബ്രിയേല ഇബാറ, പെഗ്ഗി മോഹൻ, ശോഭ ഡി, അമിഷ് ത്രിപാഠി എന്നിവരും പ്രഭാഷക പരമ്പരയിൽ സംബന്ധിക്കും.







