ജീവിതങ്ങളില്‍ ഇരുട്ട് പടരുന്ന വര്‍ത്തമാനകാലത്തും നന്മയുടെ വിളക്ക് കെട്ടുപോകാത്ത ഒരു കൂട്ടം മനുഷ്യര്‍ ഒരു ഗ്രാമത്തിന്റെ വെളിച്ചമായി തീരുകയാണ് കാരയാട് പൂതേരിപ്പാറയില്‍. അശരണരും കിടപ്പ് രോഗികളുമായി സഹ ജീവികളെ ഓര്‍ത്തിട്ടെ കാരയാട് പൂതേരി നിവാസികള്‍ക്ക് ആഹ്ലാദമുള്ളൂ. പൂതേരിപ്പാറ പ്രദേശത്തെ പാല് കാച്ചല്‍ മുതല്‍ വിവാഹം വരെയുള്ള ഏത് ആഘോഷമായാലും, വീടുകളില്‍ തയ്യാറാക്കുന്ന ഭക്ഷണം ആദ്യമെത്തിക്കുക കിടപ്പ് രോഗികള്‍ക്കും പ്രത്യേക ശ്രദ്ധ ആവശ്യമായ ആളുകള്‍ക്കുമാണ്. അവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കിയാലെ ആഘോഷ പന്തലില്‍ സദ്യ വിളമ്പുകയുള്ളു. ഏതാണ്ട് പത്ത് വര്‍ഷമായി കാരയാട് പൂതേരിപ്പാറ നിവാസികളുടെ ഈ തീരുമാനം കടുകിട മാറ്റമില്ലാതെ ഇപ്പോഴും തുടരുകയാണ്. ഇതിന് രാഷ്ട്രീയമില്ല, മതമില്ല, ജാതിയുമില്ല.

പ്രദേശത്തെ കിടപ്പ് രോഗികളുടെയും വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവരുടെയും പേര് വിവരങ്ങള്‍ നാട്ടുകാരുടെ കൈവശമുണ്ട്. തയ്യാറാക്കുന്ന ഏത് ഭക്ഷണവും വീടുകളില്‍ എത്തിച്ചു കൊടുക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സംഘവുമുണ്ട്. ഭക്ഷണം പൊതിയാനും മറ്റും സ്ത്രീകളും കുട്ടികളും മുതിർന്നവരുടെയുമെല്ലാം സഹായവുമുണ്ടാവും. അവരത് ഒത്തൊരുമിച്ച് ചെയ്യും. മാംസാഹാരവും സസ്യഹാരവും കഴിക്കുന്നവരുടെ ഇഷ്ടവും പരിഗണിച്ചാണ് ഭക്ഷണം വീടുകളില്‍ എത്തിക്കുക.
നന്മ വറ്റാത്ത ഒരു നാടിന്റെ കരുതലിലും കൂട്ടായ്മയിലും അശരണരും കിടപ്പ് രോഗികളും ഏറെ സന്തോഷിക്കുകയാണ്. മനുഷ്യനാവുക എന്നത് കഠിനമായിത്തീരുന്ന ഒരു കാലത്താണ് പൂതേരിപ്പാറ നിവാസികളുടെ ഈ നിഷ്‌കാമ കര്‍മ്മം വേറിട്ടതാവുന്നത്. മനുഷ്യ സ്‌നേഹത്തിന്റെ ഈ ഉദാത്ത മാതൃക മറ്റ് പ്രദേശത്തേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ടീം പൂതേരിപ്പാറയിലെ സന്നദ്ധ സംഘമെന്ന് പ്രദേശവാസി മീത്തലെ മലയില്‍ എം.എം.ചന്ദ്രന്‍ പറഞ്ഞു.







