മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് (ഡിസംബർ 30) വൈകുന്നേരം തുറക്കും. മകരവിളക്ക് ദർശനം 2026 ജനുവരി 14-നാണ്. നവംബറിൽ ആരംഭിച്ച മണ്ഡലകാല തീർത്ഥാടനത്തിന് ശേഷം ഡിസംബർ 27-ന് ഹരിവരാസനം പാടി നട അടച്ചിരുന്നു.
ഇന്ന് വൈകുന്നേരം 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് ശ്രീകോവിൽ തുറക്കും. തുടർന്ന് സന്നിധാനത്ത് ആഴി തെളിക്കുന്നതോടെ ഭക്തർക്ക് പതിനെട്ടാം പടി കയറി ദർശനം നടത്താൻ അനുവാദം നൽകും. ഡിസംബർ 27-ന് 41 ദിവസത്തെ മണ്ഡലപൂജ പൂർത്തിയാക്കിയാണ് നട അടച്ചിരുന്നത്. മകരവിളക്ക് ഉത്സവത്തിനായി ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുമെന്നാണ് ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നത്.







