മൈനാകം, ഇലഞ്ഞിപൂക്കള്‍ തുടങ്ങിയ ജനപ്രിയ സിനിമകളുടെ നിര്‍മ്മാതാവായിരുന്നു പൊയില്‍ക്കാവില്‍ അന്തരിച്ച കിഴക്കേ കീഴന വിജയന്‍. അമ്മാവനായ പ്രമുഖ സിനിമാനടന്‍ ബാലന്‍ കെ.നായരുമായുള്ള ചങ്ങാത്തമാണ് വിജയനെ സിനിമയുമായി അടുപ്പിക്കുന്നത്. അമ്മ ലക്ഷ്മി അമ്മയുടെ സഹോദരനായിരുന്നു ബാലന്‍ കെ.നായര്‍. ചെന്നൈ പെരുമ്പൂര്‍ റെയില്‍വേ കോച്ച് നിര്‍മ്മാണ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് വിജയന് സിനിമാ കമ്പം തലയ്ക്ക് പിടിച്ചത്. വിജയന്റെ സിനിമാ പ്രേമം കണ്ടറിഞ്ഞ ബാലന്‍ കെ.നായരാണ് പ്രമുഖ സംവിധായകന്‍ കെ.ജി.രാജശേഖരനെ ഇദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുക്കുന്നതും അദ്ദേഹത്തിന്റെ കീഴില്‍ അസിസ്റ്റൻ്റ് ഡയരക്ടറാക്കുന്നതും.
1984-ല്‍ ആണ് ആദ്യ സിനിമ മൈനാകം നിര്‍മ്മിച്ചത്. ഈ സിനിമ സംവിധാനം ചെയ്തത് കെ.ജി.രാജശേഖരനായിരുന്നു. രതീഷ്, മേനക, ബാലന്‍ കെ.നായര്‍, രവീന്ദ്രന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. സിനിമ ഹിറ്റായതോടെ 1986-ല്‍ രണ്ടാമത്തെ ചിത്രം ഇലഞ്ഞിപൂക്കള്‍ നിര്‍മ്മിച്ചു. സന്ധ്യമോഹന്‍ സംവിധാനം ചെയ്ത ഈ ചിത്രവും തിയ്യേറ്ററുകളില്‍ പ്രദര്‍ശന വിജയം നേടി. രതീഷ്, മുകേഷ്, ശിവജി, ശങ്കര്‍, ലിസി, പുതുമുഖ നടി സന്ധ്യ എന്നിവരാണ് ഇതില്‍ അഭിനയിച്ചത്. വാസരശയ്യ എന്ന സിനിമ കൂടി വിജയന്‍ നിര്‍മ്മിച്ചിരുന്നു. സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ റെയില്‍വേ ജോലി ഉപേക്ഷിക്കുകയായിരുന്നുവെന്ന് സഹോദരന്‍ അശോകന്‍ പറഞ്ഞു. വിവിധ ഭാഷകളിലെ സിനിമകള്‍ മലയാളത്തിലേക്ക് ഡബ്ബ് ചെയ്തും വിജയന്‍ സിനിമ എടുത്തിരുന്നു.







