വടകര: വടകര ബ്ലോക്ക് പഞ്ചായത്തിൽ ജനകീയ മുന്നണിയിലെ കോട്ടയിൽ രാധാകൃഷ്ണൻ പ്രസിഡണ്ടായി. എല്‍ഡിഎഫും ജനകീയ മുന്നണിയും ഏഴ് വീതം സീറ്റുകള്‍ നേടിയ വടകര ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ കോട്ടയില്‍ രാധാകൃഷ്ണന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയില്‍ രാധാകൃഷ്ണന് എട്ടും എതിര്‍സ്ഥാനാര്‍ഥി സിപിഎമ്മിലെ കെ.എം.സത്യന് ആറും വോട്ടുകള്‍ ലഭിച്ചു.
എല്‍ഡിഎഫിലെ ആര്‍ജെഡി അംഗം കുഞ്ഞിപ്പള്ളി ഡിവിഷനെ പ്രതിനിധീകരിക്കുന്ന രജനി തെക്കേതയ്യില്‍ ജനകീയമുന്നണി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതോടെയാണ് കോട്ടയില്‍ രാധാകൃഷ്ണന്റെ വിജയം സുനിശ്ചിതമായത്. തുല്യനിലയിലാണ് വോട്ടെങ്കില്‍ നറുക്കെടുപ്പ് വേണ്ടിവരുമായിരുന്നു. വരണാധികാരി സര്‍വേ വകുപ്പിലെ അസിസ്റ്റന്റ് ഡയരക്ടര്‍ അജിത്‌ജോണ്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.
പതിനാലംഗ വടകര ബ്ലോക്ക് പഞ്ചായത്തില്‍ ജനകീയ മുന്നണിയില്‍ ആര്‍എംപിഐക്ക് മൂന്നും കോണ്‍ഗ്രസ്, ലീഗ് കക്ഷികള്‍ക്ക് രണ്ട് വീതവുമാണ് അംഗങ്ങള്‍. എല്‍ഡിഎഫില്‍ സിപിഎമ്മിന് അഞ്ചും ആര്‍ജെഡിക്ക് രണ്ടും അംഗങ്ങളാണുള്ളത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയില്‍ രാധാകൃഷ്ണന്‍ വരണാധികാരി അസിസ്റ്റൻസ് ഡയറക്ടർ അജിത്ത് ജോൺ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാര്‍ത്തികപ്പള്ളി ഡിവിഷനെ പ്രതിനിധീകരിക്കുന്ന കോട്ടയില്‍ രാധാകൃഷ്ണന്‍ നേരത്തേയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നിട്ടുണ്ട്. ജനകീയമുന്നണി വടകര നിയോജക മണ്ഡലം ചെയര്‍മാനാണ് അദ്ദേഹം.







