പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് പിടികൂടി. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള ബാലാജിയെയാണ് തഞ്ചാവൂരിൽ കുറുവ സംഘം താമസിക്കുന്ന സ്‌ഥലത്ത് നിന്ന് കൊയിലാണ്ടി പോലീസ് സാഹസികമായി കസ്‌റ്റഡിയിലെടുത്തത്.
തിരുട്ട് ഗ്രാമത്തിനടുത്ത് കുറുവ സംഘം താമസിക്കുന്ന തഞ്ചാവൂർ അയ്യാപേട്ടലിംഗ കടിമേടു കോളനിയിൽ നിന്ന് വലിയ ചെറുത്തുനിൽപ്പുണ്ടായെങ്കിലും അയ്യാംപേട്ട ലോക്കൽ പൊലീസിൻ്റെ കൂടി സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ കളവ്, വധശ്രമം ഉൾപ്പെടെ അഞ്ചോളം കേസിലെ പ്രതിയാണ് ബാലാജി. കുറച്ച് കാലം മുമ്പ് മരിച്ച നിരവധി കളവു കേസുകളിൽ പ്രതിയായ കുറുവ സംഘത്തിലെ മുരുകേശന്റെ മകനാണ് ഇയാൾ. കോഴിക്കോട് ബന്ധുവിൻ്റെ വീട്ടിൽ വന്ന് താമസിക്കുന്നതിനിടയിൽ 13കാരിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതി തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.
കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ഇ.ബൈജുവിന്റെ നിർദേശപ്രകാരം കൊയിലാണ്ടി ഇൻസ്പെക്‌ടർ കെ. സുമിത്ത് കുമാർ, എഎസ്ഐ സി.എം.സുനിൽകുമാർ, എസ്‌സിപിഒ വിവേക് എന്നിവർ ചേർന്നാണ് പ്രതിയെ കസ്‌റ്റഡിയിൽ എടുത്തത്.







