സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ പുതിയ പ്രചാരണ തന്ത്രവുമായി സംസ്ഥാന സർക്കാർ. സംസ്ഥാന വ്യാപകമായി ‘നാടിനൊപ്പം’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ മാധ്യമ സമ്മേളനങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. ഇതിനുള്ള മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ജോയിന്റ് സെക്രട്ടറി 15 നിർദേശങ്ങളടങ്ങിയ സർക്കുലർ ജില്ലാ ഇൻഫർമേഷൻ ഓഫിസർമാർക്ക് കൈമാറി. ജനുവരി മുതൽ തന്നെ പരിപാടികൾ ആരംഭിക്കണമെന്നാണു നിർദേശം.
മന്ത്രിമാരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട വികസന പദ്ധതികൾ നടപ്പാക്കിയ സ്ഥലങ്ങൾ തന്നെയാണ് മാധ്യമ സമ്മേളനങ്ങൾക്ക് വേദിയാക്കേണ്ടത്. പദ്ധതികളുടെ വിശദമായ പ്രചാരണം ലക്ഷ്യമിടുന്നതിനൊപ്പം സർക്കാർ കൈവരിച്ച മറ്റ് നേട്ടങ്ങളും മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിക്കണമെന്നാണ് നിർദേശം. ഇതിനായി ചെലവഴിക്കേണ്ട തുക നിലവിലെ സാമ്പത്തിക വർഷത്തെ പ്രസ് ഫെസിലിറ്റി ഫണ്ടിൽ നിന്ന് വിനിയോഗിക്കണം. അധിക ചെലവ് ആവശ്യമെങ്കിൽ ധനകാര്യ വകുപ്പിന്റെ അനുമതി തേടണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
‘ഒരു മന്ത്രി – ഒരു പദ്ധതി’ എന്ന രീതിയിൽ ഓരോ മന്ത്രിയും രണ്ട് വാർത്താസമ്മേളനങ്ങൾ നടത്തണം. വിഡിയോ കോളുകൾ ഉപയോഗിച്ച് പദ്ധതികളുടെ വിശദാംശങ്ങൾ അവതരിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. വേദിയിൽ മുന്നിൽ മന്ത്രി, ഇരു വശങ്ങളിൽ മാധ്യമ പ്രവർത്തകർ എന്ന ക്രമത്തിലാണ് ഇരിപ്പിടം ഒരുക്കേണ്ടത്. തോരണങ്ങൾ ഉൾപ്പെടെയുള്ള അലങ്കാരങ്ങളും ആവശ്യമെങ്കിൽ ടെന്റുകളും ഒരുക്കണം. ഓരോ ജില്ലയിലും ചുരുങ്ങിയത് 50 മാധ്യമ പ്രവർത്തകരുടെ സാന്നിധ്യം ഉറപ്പാക്കണം. ഇതിന് ആവശ്യമായാൽ വാഹന സൗകര്യവും ഒരുക്കാനാണ് നിർദേശം.
മാധ്യമ സമ്മേളനങ്ങളുടെ സ്ഥലം, തീയതി, വിഷയം, പദ്ധതി വിശദാംശങ്ങൾ എന്നിവ മന്ത്രിമാരുടെ ഓഫിസുകൾ നിശ്ചയിക്കും. സംസ്ഥാനതല ഏകോപന ചുമതല ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനും, ജില്ലാതല ഒരുക്കങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫിസുകൾക്കും ആയിരിക്കും.







