ശബരിമല കൊള്ളക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളും കടത്താൻ ശ്രമമുണ്ടായി എന്ന് എസ്‌ഐടിയുടെ വെളിപ്പെടുത്തൽ. പ്രത്യേക അന്വേഷണ സംഘത്തിന് പ്രവാസി വ്യവസായി മൊഴി നൽകുകയായിരുന്നു. ഈ കേസിലെ പ്രധാന കണ്ണിയായ ഡി. മണി എന്നറിയപ്പെടുന്നത് ദിണ്ടിഗൽ സ്വദേശി ബാലമുരുകൻ ആണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇയാളെ പ്രത്യേക സംഘം കണ്ടെത്തുകയും ചെയ്തു. ഇതിലെ ഇടനിലക്കാരനായ ശ്രീകൃഷ്ണനെയും എസ്‌ഐടി തിരിച്ചറിഞ്ഞു. വിഗ്രഹങ്ങൾ കടത്താൻ പണവുമായി ഇപ്പോഴും ഈ സംഘം കറങ്ങുന്നുണ്ടെന്നും വ്യവസായി വെളിപ്പെടുത്തി.
കൂടാതെ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്ത് വന്നിരുന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ ഹർജി നൽകിയിരുന്നു. ഹർജി ഹൈക്കോടതി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹർജിയിൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിക്കും. അവധിക്ക് ശേഷം കോടതി വീണ്ടും ചേരുമ്പോൾ ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കും.
