കേരളത്തിൽ ജനിച്ചവർക്ക് തങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഒരു മലയാളി പോലും പുറന്തള്ളപ്പെടാത്ത സാഹചര്യം ഉറപ്പാക്കാനാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിവിധ സർക്കാർ സേവനങ്ങൾക്കായി ഓരോ തവണയും പ്രത്യേക സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ഈ കാർഡ് സഹായിക്കും.
കേരളത്തിൽ ജനിച്ചതാണെന്നും ഇവിടെ ദീർഘകാലമായി താമസിക്കുന്നതാണെന്നും തെളിയിക്കാനുള്ള നിയമപരമായ രേഖയാണിത്. ഇതോടെ ഓരോ ആവശ്യത്തിനും വില്ലേജ് ഓഫീസുകളിൽ കയറി ഇറങ്ങി പുതിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ട അവസ്ഥ ഇല്ലാതാകും.
തഹസിൽദാർമാർക്കായിരിക്കും കാർഡ് വിതരണത്തിന്റെ ഉത്തരവാദിത്തം. കാർഡിന് നിയമപരമായ സംരക്ഷണം നൽകുന്നതിനായി റവന്യൂ വകുപ്പ് നിയമ വകുപ്പുമായി ചേർന്ന് കരട് നിയമം തയ്യാറാക്കും. ”സ്വന്തം അസ്തിത്വം തെളിയിക്കാൻ ജനങ്ങൾ പ്രയാസമനുഭവിക്കേണ്ടി വരുന്നത് ആശങ്കാജനകമാണ്. ആധാർ ഉണ്ടെങ്കിലും പലർക്കും ഭീതിയുണ്ട്. അവർക്ക് കേരളീയനെന്ന് തെളിയിക്കാൻ ഈ കാർഡ് കരുത്തുപകരും.” മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.







