കേരളം ആസ്ഥാനമായുള്ള അൽ ഹിന്ദ് ഗ്രൂപ്പിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. അൽ ഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നീ രണ്ട് പുതിയ വിമാനക്കമ്പനികൾക്കാണ് കേന്ദ്രസർക്കാർ പ്രവർത്തനാനുമതി (NOC) നൽകിയത്. കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു എക്സിലൂടെയാണ് ഈ സുപ്രധാന വിവരം പങ്കുവെച്ചത്. നേരത്തെ അനുമതി ലഭിച്ച ശംഖ് എയറിന് പുറമെ ഈ കമ്പനികൾ കൂടി എത്തുന്നതോടെ കൂടുതൽ യാത്രാ സൗകര്യങ്ങൾ ഒരുങ്ങും.
ഡിസംബറിൽ രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയിലുണ്ടായ കനത്ത പ്രതിസന്ധിയാണ് പുതിയ കമ്പനികൾക്ക് വേഗത്തിൽ അനുമതി നൽകാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
പുതിയ കമ്പനികളുടെ വരവ് ടിക്കറ്റ് നിരക്ക് കുറയ്ക്കാനും മെച്ചപ്പെട്ട സേവനം നൽകാനും സഹായിക്കുമെങ്കിലും വ്യോമയാന മേഖലയിലെ ഉയർന്ന നികുതിയും ഇന്ധനവിലയും വലിയ വെല്ലുവിളിയാണ്. കേന്ദ്രസർക്കാരിന്റെ ‘ഉഡാൻ’ പദ്ധതിയിലൂടെ പ്രാദേശിക വിമാന സർവീസുകൾ വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ സ്റ്റാർ എയർ, ഫ്ലൈ 91 തുടങ്ങിയ കമ്പനികൾ പ്രാദേശിക സർവീസുകൾ നടത്തുന്നുണ്ടെങ്കിലും, അൽ ഹിന്ദ് ഉൾപ്പെടെയുള്ള പുതിയ സംരംഭങ്ങൾ എത്തുന്നതോടെ വിപണിയിൽ ആരോഗ്യകരമായ മത്സരം ഉണ്ടാകുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ.







