തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍-എസ്‌ഐആര്‍ (സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ 2026)ന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ഇലക്ട്റല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ കാര്യാലയത്തിലും വില്ലേജ് ഓഫീസിലും കൂടാതെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും കരട് പട്ടിക പരിശോധനയ്ക്കായി ലഭ്യമാണ്. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഏവര്‍ക്കും പരിശോധിച്ച് ഉറപ്പുവരുത്തതാവുന്നതാണെന്നും ജില്ല കളക്ടര്‍ പറഞ്ഞു
എസ്‌ഐആറിന്റെ ഭാഗമായുള്ള കരട് വോട്ടര്‍ പട്ടിക പ്രസദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഗോപിക ഉദയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
എസ്‌ഐആറിന്റെ ഭാഗമായി ജില്ലയില്‍ ആകെ വിതരണം ചെയ്തത് 26,58,847 എന്യൂമറേഷന്‍ ഫോമുകളാണ്. മരണപ്പെട്ടവര്‍, സ്ഥിര താമസമില്ലാത്തവര്‍, ഇരട്ട വോട്ടുള്ളവര്‍, ബിഎല്‍ഓമാര്‍ പലതവണ ഭവന സന്ദര്‍ശനം നടത്തിയിട്ടും പ്രദേശവാസികളും ബൂത്ത് ലെവല്‍ ഏജന്റുമാരും മുഖേന അന്വേഷണങ്ങള്‍ നടത്തിയിട്ടും കണ്ടെത്താന്‍ സാധിക്കാത്തവര്‍ എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുന്നവരെ ഉള്‍പ്പെടുത്തിയ എഎസ്ഡി ലിസ്റ്റില്‍ ജില്ലയില്‍ 1,86,179 (7.0%) പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. എഎസ്ഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ 53,711(2.02%) മരണപ്പെട്ടവര്‍, 35,580 (1.34%) കണ്ടെത്താന്‍ സാധിക്കാത്തവര്‍, 63,592 (2.39%) സ്ഥിരമായി താമസം മാറിയവര്‍, 18,415(0.69%) മറ്റെവിടെയെങ്കിലും എന്റോള്‍ ചെയ്തവര്‍, 14,881(0.56%) മറ്റുള്ളവര്‍ എന്നിങ്ങനെയാണ്.
ജില്ലയില്‍ തിരികെ ലഭിച്ച എന്യൂമറേഷന്‍ ഫോമുകളില്‍ 96,161(3.62%) പേരെയാണ് 2002 ലെ പട്ടികയുമായി മാപ്പ് ചെയ്യാന്‍ സാധിക്കാത്തത്. തിരികെ ലഭിച്ച എന്യുമറേഷന്‍ ഫോമുകളില്‍ 2002-പട്ടികയില്‍ സ്വയം ഉള്‍പ്പെട്ടവരായുള്ളത് 48.49%(12,89,325). അതേസമയം, 10,87,182(40.89%) ശതമാനം പേരെ 2002 വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബാംഗങ്ങളുമായി മാപ്പ് ചെയ്താണ് ഉള്‍പ്പെടുത്തിയത്. ഡിസംബര്‍ 18 വ്യാഴാഴ്ച വരെ തിരികെ ലഭിച്ച ഫോമുകള്‍ ഉള്‍പ്പെടുത്തിയാണ് കരട് പട്ടിക പുറത്തിറക്കിയത്.
കരട് പട്ടികയിലുള്ള അവകാശവാദങ്ങളും ആക്ഷേപങ്ങളും 2026 ജനുവരി 22 വരെ അറിയിക്കാം. ഏതെങ്കിലും കാരണവശാല്‍ കരട് പട്ടികയില്‍ നിന്നും തെറ്റായി ഒഴിവായിപ്പോയിട്ടുണ്ടെങ്കില്‍ ആറാം നമ്പര്‍ ഫോമില്‍ അപേക്ഷ സമര്‍പ്പിച്ച് തിരികെ പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധിക്കും. ഇആര്‍ഒ തലത്തിലുള്ള ഹിയറിങ്ങുകള്‍ 2026 ഫെബ്രുവരി 14 വരെ നടക്കും. അന്തിമ വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും.
ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലായി 534 പോളിംഗ് സ്‌റ്റേഷനുകളാണ് പുതിയതായി അനുവദിച്ചത്. നിലവില്‍ ആകെ ബൂത്തകളുടെ എണ്ണം 2837 ആണ്. വടകര-24, കുറ്റ്യാടി- 38, നാദാപുരം- 52, കൊയിലാണ്ടി- 53, പേരാമ്പ്ര- 54, ബാലുശ്ശേരി- 54, എലത്തൂര്‍- 35, കോഴിക്കോട് നോര്‍ത്ത്- 28, കോഴിക്കോട് സൗത്ത്- 25, ബേപ്പൂര്‍- 38, കുന്ദമംഗലം- 59, കൊടുവള്ളി- 46, തിരുവമ്പാടി- 28 എന്നിങ്ങനെയാണ് നിയോജക മണ്ഡലം തിരിച്ചുള്ള കണക്ക്.
മണ്ഡലം, വിതരണം ചെയ്ത എന്യുമറേഷന്‍ ഫോമുകളുടെ എണ്ണം, തിരികെ ലഭിക്കാത്തവ(എഎസ്ഡി), ശതമാനം എന്ന ക്രമത്തില്‍
വടകര 175809, 10488, 5.96%
കുറ്റ്യാടി 213756, 12007, 5.61%
നാദാപുരം 230022, 13221, 5.74%
കൊയിലാണ്ടി 213720, 15051, 7.04%
പേരാമ്പ്ര 206269, 12053, 5.84%
ബാലുശ്ശേരി 231532, 17606, 7.60%
എലത്തൂര്‍ 209505, 12115, 5.78%
കോഴിക്കോട് നോര്‍ത്ത് 184784, 23709, 12.83%
കോഴിക്കോട് സൗത്ത് 159953, 18059, 11.29%
ബേപ്പൂര്‍ 215801, 17234, 7.98%
കുന്ദമംഗലം 241220, 15761, 6.53%
കൊടുവള്ളി 190131, 8129, 4.27%
തിരുവമ്പാടി 186345, 10746, 5.76%
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റ്- https://electoralsearch.eci.gov.in/







