കേരളത്തിൽ സർവീസ് നടത്തുന്ന കാസർകോട്, തിരുവനന്തപുരം – മംഗലാപുരം വന്ദേ ഭാരതുകളിലെ ഭക്ഷണ മെനു പരിഷ്‌കരിക്കും. മധുരപലഹാരങ്ങൾ, മലയാളി വിഭവങ്ങൾ എന്നിവ കൂടുതൽ ഉൾപ്പെടുത്തിയാണ് പരിഷ്കരണം. ഐആർസിടിസിയുടെ നിർദേശങ്ങൾ അനുസരിച്ചായിരിക്കും മെനുവിൽ മാറ്റങ്ങൾ വരുത്തുക.
കാസിനോ എയർ കേറ്ററേഴ്സ് ആൻഡ് ഫ്‌ളൈറ്റ് സർവീസസ് ആണ് വന്ദേ ഭാരതിൽ ഭക്ഷണം വിതരണം ചെയ്യുന്നത്. ഏതെല്ലാം വിഭവങ്ങളാണ് ഉൾപ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് ഐആർസിടിസിയുമായി ചർച്ചകൾ നടക്കുകയാണ്. ഓടുന്ന ട്രെയിനിൽ കറികൾ യാത്രക്കാരുടെ വസ്ത്രങ്ങളിൽ വീഴുക പതിവാണ്. ഇത് ഒഴിവാക്കാൻ കറികൾക്ക് കട്ടി കൂട്ടും.
മലയാളികൾക്ക് ഇഷ്ടമുള്ള തരത്തിൽ മെനു പരിഷ്കരിക്കാനാണ് കമ്പനിയുടെ നീക്കം. വിമാനങ്ങളിൽ ഭക്ഷണവിതരണം ചെയ്യാൻ കമ്പനിയായ കാസിനോ ഡിസംബർ 16ാം തീയതി മുതലാണ് വന്ദേ ഭാരതിലെ ഭക്ഷണവിതരണം ഏറ്റെടുത്തത്.







