സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം ഭിന്നശേഷിക്കാരുടെ സംരക്ഷകരായ 22700 പേർക്കു കൂടി നൽകുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2018 ഏപ്രിൽ 1 മുതൽ അപേക്ഷിച്ചിട്ടുള്ള ഈ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. പ്രതിമാസം 600 രൂപ വീതം ഇവർക്ക് ലഭ്യമാക്കും. ഭിന്നശേഷി സമൂഹത്തോടുള്ള സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പദ്ധതിയുടെ ആനുകൂല്യം ഇത്രയും പേരിലേക്കുകൂടി വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തീവ്രമായ ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവർ, മാരക രോഗം ബാധിച്ച് പൂർണ്ണമായും കിടപ്പിലായവർ തുടങ്ങിയവരിൽ ദൈനംദിന കാര്യങ്ങൾക്ക് പരസഹായം ആവശ്യമായ അവസ്ഥയിലുള്ള ആളുകളെ പരിചരിക്കുന്ന ഒരാൾക്ക് പ്രതിമാസം 600 രൂപ വീതം ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാമിഷൻ മുഖേന നടപ്പാക്കിവരുന്ന ഈ പദ്ധതിയിൽ നിലവിൽ ഇരുപത്തയ്യായിരത്തോളം ഗുണഭോക്താക്കൾക്കാണ് ധനസഹായം നൽകിവരുന്നത്.







