അലങ്കാര മത്സ്യം വളര്‍ത്തലും പരിപാലനവും വെറും ഹോബി മാത്രമല്ല വലിയൊരു വരുമാന മാര്‍ഗ്ഗം കൂടിയാണെന്ന് തെളിയിക്കുകയാണ് മൂടാടി മൂത്താട്ടില്‍ വി.കെ.സിബിത. മാസത്തില്‍ അരക്കോടിയോളം രൂപയാണ് അലങ്കാര മത്സ്യ വിപണനത്തിലൂടെ സിബിത നേടുന്നത്. കൊയിലാണ്ടി താലൂക്ക് ഓഫീസ് ജീവനക്കാരനായ ഭര്‍ത്താവ് മൂത്താട്ടില്‍ ബൈജുവാണ് സിബിതയെ ഈ രംഗത്തേയ്ക്ക് എത്തിച്ചത്. അതുകൊണ്ടു തന്നെ ജീവിതത്തിലെന്ന പോലെ അലങ്കാര മത്സ്യ കൃഷിയിലും സിബിത പറയും പോലെ, ‘കെട്ടിയോനാണെന്റെ വഴി കാട്ടി’.
അലങ്കാര മത്സ്യ കൃഷിയെ കുറിച്ചു എന്ത് ചോദിച്ചാലും സിബിതയ്ക്ക് നൂറ് നാവാണ്. മത്സ്യങ്ങളുടെ പരിചരണം, പ്രജനനം, രോഗം വന്നാലുളള ചികിത്സ, വിപണന തന്ത്രം എന്നിവയിലെല്ലാം ഇവര്‍ ഏറെ പഠിച്ചു. പെരുവണ്ണാമൂഴി കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ സബ്ബ്ജക്ട് മാറ്റര്‍ സ്‌പെഷലിസ്റ്റ് ഡോ.ബി.പ്രദീപ്, ഡോ.ബി.സന്തോഷ്, സയന്റിസ്റ്റ് പി.അംബരിഷ്, കൊച്ചിയിലെ നാഷണല്‍ ബ്യൂറോ ഓഫ് ജെനിറ്റിക് സയന്‍സിലെ (എന്‍ ബി എഫ് ജി ആര്‍) ഡോ.വി.ബഷീര്‍ എന്നിവരെല്ലാം അലങ്കാര മത്സ്യ കൃഷിയില്‍ സഹായവുമായുണ്ട്.
10 വര്‍ഷം മുന്‍പ് രണ്ട് ടാങ്കുകളിലായി തുടങ്ങിയ സിബിതയുടെ നിഷ് അക്വാഫാമില്‍ ഇപ്പോള്‍ 85 ടാങ്കുകളിലായി ഒട്ടേറെ വ്യത്യസ്ത ജലജീവികളുണ്ട്. അലങ്കാരമീനുകളെയും അരുമകള്‍ക്ക് തീറ്റയായ പുഴുക്കളെയും മറ്റും വളര്‍ത്തി മികച്ച ഫാമായി ഇത് വളര്‍ന്നിരിക്കുകയാണ്. കോഴിക്കോട് പെരുവണ്ണാമൂഴിയിലെ കൃഷിവിജ്ഞാനകേന്ദ്രത്തിലും എറണാകുളം സമുദ്രോല്‍പന്ന കയറ്റുതി വികസന ഏജന്‍സിയിലും വിഴിഞ്ഞം സമുദ്ര മത്സ്യഗവേഷണ സ്ഥാപന ത്തിലും നേടിയ പരീശീലനങ്ങളും അലങ്കാര മത്സ്യകൃഷിയില്‍ സിബിതയ്ക്ക് വഴികാട്ടിയായി. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന വഴി കിട്ടിയ മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് ഫാം കൂടുതല്‍ വിപുലമാക്കി.

വിവിഹത്തിന് മുമ്പ് അലങ്കാര മത്സ്യം വളര്‍ത്തുന്നതില്‍ പരിചയമൊന്നും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ഭര്‍ത്താവ് ബൈജുവിന്റെ ഹോബി പിന്തുടര്‍ന്ന് സ്ഥിരമൊരു വരുമാന മാര്‍ഗ്ഗമാക്കി മാറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഒട്ടെറെ ഫാമുകള്‍ സന്ദര്‍ശിച്ചു. ഈ രംഗത്തെ കര്‍ഷകര്‍, വിദഗ്ധര്‍, അലങ്കാര മത്സ്യ വിപണന മേഖലയിലെ സംരംഭകര്‍ എന്നിവരുമായെല്ലാം സംസാരിച്ചും അവരെ കേട്ടുമാണ് ഫാം വിപുലമാക്കിയത്. രാവിലെ ജോലിക്കു പോകുന്നതിനു മുമ്പ് ടാങ്കിലെ മത്സ്യങ്ങള്‍ക്കൊക്കെ തീറ്റ കൊടുത്തും മറ്റ് പരിചരണങ്ങള്‍ നടത്തിയുമാണ് ബൈജു പോകുക. ബാക്കി കാര്യങ്ങളെല്ലാം സിബിത ചെയ്യും.

ടാങ്കിലെ വെള്ളം ശുദ്ധമായി സൂക്ഷിക്കുന്നതു മുതല്‍ പ്രജനന തന്ത്രങ്ങള്‍ വരെ പഠിച്ചാല്‍ മാത്രമേ അലങ്കാര മത്സ്യ കൃഷി വിജയിക്കുകയുള്ളുവെന്ന് സിബിത പറയുന്നു. ആദ്യഘട്ടത്തില്‍ ചില തിരിച്ചടികള്‍ നേരിട്ടിരുന്നു. കഷ്ടപ്പെട്ട് വളര്‍ത്തിയെടുക്കുന്ന സ്വര്‍ണമത്സ്യങ്ങള്‍ വിപണയിലെത്തിക്കുമ്പോള്‍ പ്രതീക്ഷിച്ച വില കിട്ടാതെ വന്നതും, മത്സ്യങ്ങളെ ബാധിക്കുന്ന രോഗങ്ങളും വെല്ലുവിളിയായി. കുറഞ്ഞ വിലയ്ക്കു ചെന്നൈയില്‍ നിന്നു അലങ്കാര മത്സ്യങ്ങള്‍ കേരളത്തിലെത്തിയതോടെ വിപണി ആദായകരമല്ലാതായി. മാലാഖ മത്സ്യങ്ങളുമായി ഫാം തുടരുമ്പോഴാണ് അലങ്കാര മത്സ്യവിപണിയില്‍ പ്രിയമേറുന്ന ഓസ്‌കറിനെ ശ്രദ്ധിച്ചത്. വൈകാതെ ഒസ്‌കര്‍ മത്സ്യങ്ങളുടെ നാല് പ്രജനന ജോടികളെ സ്വന്തമാക്കി. പകിട്ടേറിയ നിറവും പരന്ന ശരീരവും ശാന്തസുന്ദരമായ ചലനങ്ങളുമായി ആരുടെയും മനം കവരുന്ന ഓസ്‌കര്‍ മത്സ്യങ്ങള്‍ക്ക് കേരളത്തിനകത്തും പുറത്തും ആവശ്യക്കാര്‍ ഏറെയായിരുന്നു. ഓസ്‌ക്കാര്‍ ഇനങ്ങളായ ഫയര്‍ റെഡ്, കോപ്പര്‍, ടൈഗര്‍ എന്നിവയും ക്രേഫിഷ്, റെഡ് വൈറ്റ്, റെഡ് ക്ലൗ എന്നിവയെല്ലാം സിബിതയുടെ ഫാമില്‍ ഇപ്പോഴുണ്ട്. മാസം തോറും മൂവായിരത്തോളം ഓസ്‌കര്‍ മത്സ്യ കുഞ്ഞുങ്ങളെ വില്‍ക്കുന്നുണ്ട്. സമുദ്ര മത്സ്യങ്ങളായ ഡാംസലും ക്ലൗണ്‍ഫിഷും ലോബ്സ്റ്ററുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. സമുദ്രമത്സ്യങ്ങളെ വളര്‍ത്തുന്നതിന് മുന്നോടിയായി സി എം എഫ് ആര്‍ ഐയുടെ വിഴിഞ്ഞം കേന്ദ്രത്തില്‍ പരിശീലനം നേടിയിരുന്നു.

വിപണിയില്‍ ഹിറ്റാണ് ക്രേ ഫിഷുകള്‍. ശുദ്ധജലത്തിലെ ലോബ്സ്റ്റര്‍ (ചെമ്മീന്‍ ഇനം) എന്നു വിളക്കാറുള്ള ക്രേ ഫിഷിന്റെ ഓറഞ്ച് നിറത്തിലുള്ള ഓസ്‌ട്രേലിയന്‍ റെഡ് ക്ലോ, റെഡ്, ബ്ലൂ മാര്‍ബിള്‍ ഗ്രീന്‍ എന്നീ ഇനങ്ങളാണുള്ളത്. ഇവയില്‍ റെഡ് ക്ലോ ഒഴികെയുള്ളവയുടെ കുഞ്ഞുങ്ങളെ വില്‍ക്കുന്നുണ്ട്. ക്രേഫിഷിന് വിപണിയില്‍ നല്ല വിലയുണ്ട്. ക്രേഫിഷിനെ വളര്‍ത്തുമ്പോള്‍ ടാങ്കില്‍ ഒളിസ്ഥലമൊരുക്കേണ്ടതുണ്ട്. വെള്ളം മോശമാകുമ്പോള്‍ കയറിയിരിക്കാനായി ടൈലു കൊണ്ടുള്ള തട്ടുകളും വയ്ക്കണം. ക്രേഫിഷ് കൂട്ടത്തോടെ കൂടുതല്‍ നേരം തട്ടിലിരുന്ന് അന്തരീക്ഷവായു ശ്വസിക്കുന്നതു കാണുമ്പോള്‍ വെള്ളം ശുദ്ധീകരിക്കേണ്ട സമയം അതിക്രമിച്ചെന്നു മനസ്സിലാക്കാമെന്ന് സിബിത പറഞ്ഞു. ഇവയ്ക്ക് കൃത്രിമത്തീറ്റയ്ക്കു പുറമേ, ജലസസ്യങ്ങളും ചെറിയ ചെമ്മീന്‍ നുറുക്കിയതുമോക്കെയാണ് തീറ്റ.

വീടിനോടു ചേര്‍ന്നുള്ള ഷെഡിലെയും ടെറസ്സിലെയും സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് മത്സ്യം വളര്‍ത്തല്‍. മത്സ്യടാങ്കുകളില്‍ വളര്‍ത്തുന്ന ജാവാ മോസ് എന്ന ജലസസ്യവും സിബിതയുടെ വരുമാനമാര്‍ഗമാണ്. മത്സ്യം വളര്‍ത്തല്‍ പരിചരണം എന്നിവയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആര്‍ജ്ജിക്കാന്‍ ഇവര്‍ എപ്പോഴും സമയം കണ്ടെത്തും. മക്കളായ നിഹാ ബൈജു, നിതാഷ് ബൈജു എന്നിവരോടൊപ്പമുളള ഇവരുടെ കുടുംബ യാത്രകള്‍ പോലും ഫാമുകളും അക്വേറിയങ്ങളും കാണാനുള്ളതാണ്. സ്‌കൂളില്‍ പഠിക്കുന്ന മക്കള്‍ക്കും മീന്‍ വളര്‍ത്തലില്‍ താല്‍പ്പര്യമാണ് സിബിത പറഞ്ഞു. നിഷ് അക്വാഫാമിന്റെ ഫെയ്സ് ബുക്, ഇന്‍സ്റ്റ പേജുകളിലൂടെയാണ് മത്സ്യവിപണനം. കേരളത്തിലെവിടെയും കൊറിയര്‍ വഴി മീനുകളെ അയയ്ക്കും. മറ്റു സംസ്ഥാനങ്ങളിലേക്കു ട്രെയിന്‍ വഴിയും. വിദേശത്തേയ്ക്കും ഇവര്‍ മത്സ്യം അയച്ചിരുന്നു.
ദേശിയ കൃഷി ജാഗരണ്‍ നല്‍കുന്ന മില്യണര്‍ ഫാര്‍മര്‍ ഓഫ് ഇന്ത്യാ (എം എഫ് ഒ ഐ )അവാര്‍ഡ്, പെരുവണ്ണാമൂഴി കെ വി കെ അവാര്‍ഡ് തുടങ്ങി ഒട്ടെറെ അവാര്‍ഡുകളും പുരസ്‌ക്കാരങ്ങളും സിബിതയ്ക്ക് ലഭിച്ചിട്ടുണ്ട്.







