ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്‌റ്റ് സീസൺ 5 ഡിസംബർ 26, 27, 28 തിയതികളിൽ നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ വിനോദസഞ്ചാര മേഖലക്ക് പുത്തനുണർവ് നൽകുന്നതിനും മലബാറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും വേണ്ടിയാണ് ഇത് നടത്തുന്നത്. കോഴിക്കോട് മലബാർ പാലസിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി.) സംയുക്തമായാണ് ഇന്ത്യയിലെ ഏറ്റവും വലിയ ജല-കായിക-സാഹസിക മാമാങ്കമായ ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ സംഘടിപ്പിക്കുന്നത്. ഫെസ്‌റ്റിൻ്റെ ഉദ്ഘാടനം ഡിസംബർ 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും.
ബേപ്പൂര്‍, ചാലിയം, നല്ലൂര്‍, രാമനാട്ടുകര ഗവൺമെൻ്റ് എ.യു.പി സ്‌കൂൾ, ഫറോക്ക് വി പാര്‍ക്ക്, നല്ലളം വി പാര്‍ക്ക്, നല്ലളം അബ്‌ദുറഹ്‌മാന്‍ പാര്‍ക്ക് എന്നീ വേദികളിലാണ് ഫെസ്‌റ്റിൻ്റെ ഭാഗമായുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുക.







