ഉത്സവ സീസണ്‍ ആരംഭിച്ചതിനാല്‍ ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകള്‍ ജില്ലയില്‍ കര്‍ശനമാക്കി. ആനകളെ ഉപയോഗിച്ച് എഴുന്നള്ളിപ്പ് നടത്തുന്ന ഉത്സവങ്ങളില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനും നാട്ടാന പീഡനം തടയുന്നതിനും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തിലാണ് കര്‍ശന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. 2024 വര്‍ഷത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ് ആളുകള്‍ മരണപ്പെട്ട സാഹചര്യത്തില്‍, ജില്ലയില്‍ ആന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ ജില്ലാതല കമ്മിറ്റി കര്‍ശനമാക്കിയിരുന്നു.
പ്രധാന നിര്‍ദ്ദേശങ്ങള്‍
ജില്ലാതല കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആരാധനാലയങ്ങള്‍ നടക്കുന്ന ആന എഴുന്നള്ളിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ അതാത് മാസങ്ങളില്‍ കൂടുന്ന ജില്ലാ മോണിറ്ററിങ്് കമ്മിറ്റികളുടെ അനുമതിക്ക് വിധേയമായി മാത്രമാണ് നടത്തേണ്ടത്. ജില്ലാതല കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആരാധനാലയങ്ങളില്‍ എഴുന്നള്ളിക്കാന്‍ പാടില്ല. ലംഘിക്കുന്നവര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.
ആരാധനാലയങ്ങളുടെ ഉത്സവ കമ്മറ്റികള്‍ ഉത്സവം നടത്താന്‍ ഉദ്ദേശിക്കുന്ന തീയതിയ്ക്ക് ഒരു മാസം മുമ്പേ ജില്ലാ മോണിറ്ററിങ് കമ്മിറ്റികളുടെ പരിഗണനയ്ക്കായി അപേക്ഷിക്കണം. എഴുന്നള്ളിക്കുന്ന ആനകളുടെ, മുന്‍ഭാഗത്ത് അഞ്ചു മീറ്ററില്‍ കൂടുതലും പിന്‍ഭാഗത്ത് ചുമരോ മറ്റോ ഇല്ലാത്ത പക്ഷം അവിടെയും അഞ്ചു മീറ്ററില്‍ കൂടുതലും അകലം പാലിക്കാനായി ബാരിക്കേഡുകള്‍, വടം എന്നിങ്ങനെയുള്ള അനുയോജ്യമായ സംവിധാനങ്ങള്‍ ഉത്സവ കമ്മിറ്റികള്‍ ഒരുക്കണം. പ്രത്യേകമായുള്ള സ്ഥലത്ത് പാപ്പാന്‍മാര്‍ക്കും കാവടികള്‍ക്കും മാത്രമേ പ്രവേശനാനുമതിയുള്ളു.







