ന്യൂഡൽഹി: റെയിൽവേ യാത്രാ നിരക്കുകൾ പരിഷ്കരിക്കുന്നു. റെയിൽവേയുടെ പ്രവർത്തനച്ചെലവ് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ 2025 ഡിസംബർ 26 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ സേവനം ഉറപ്പാക്കിക്കൊണ്ട് റെയിൽവേയുടെ സാമ്പത്തിക ഭദ്രത നിലനിർത്തുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
215 കിലോമീറ്ററിലധികം ദൂരത്തിന് മുകളിലേക്ക് ഓർഡിനറി ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് കിലോമീറ്ററിന് ഒരു പൈസ വീതം നിരക്ക് വർധിപ്പിക്കും. മെയിൽ, എക്‌സ്പ്രസ് നോൺ-എസി ട്രെയിനുകളിൽ കിലോമീറ്ററിന് 2 പൈസയും എല്ലാ എസി ക്ലാസ് യാത്രകൾക്കും കിലോമീറ്ററിന് 2 പൈസയും നിരക്ക് വർധന ഉണ്ടാകും.
215 കിലോമീറ്റർ വരെ ഉള്ള ഓർഡിനറി ക്ലാസ് യാത്രകൾക്ക് നിലവിലെ നിരക്ക് തുടരും. സബർബൻ ട്രെയിൻ സർവീസുകൾക്കും പ്രതിമാസ ടിക്കറ്റുകൾക്കും നിരക്ക് വർധന ബാധകമല്ല. നോൺ-എസി കോച്ചിൽ 500 കിലോമീറ്റർ യാത്ര ചെയ്യുന്ന ഒരാൾക്ക് അധികമായി 10 രൂപ മാത്രമാണ് നൽകേണ്ടി വരിക.
പുതുക്കിയ നിരക്ക് ഘടനയിലൂടെ ഈ സാമ്പത്തിക വർഷം ഏകദേശം 600 കോടി രൂപ വരുമാനം നേടാനാകുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.







