മലയാളിയുടെ പ്രിയനടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ ശ്രീനിവാസൻ്റെ നിര്യാണവാർത്ത അതീവ ദുഃഖത്തോടെയാണ് കേട്ടത്. മലയാള ചലച്ചിത്രത്തിൻ്റെ വ്യാകരണം മാറ്റി കുറിച്ച അപൂർവ്വ പ്രതിഭാശാലിയായിരുന്നു ശ്രീനിവാസൻ.
പാട്യം സ്വദേശിയായ ശ്രീനിവാസനെ വർഷങ്ങളായി അടുത്തറിയാം. അദ്ദേഹത്തിൻ്റെ സ്വഭാവം സവിശേഷത നിറഞ്ഞതായിരുന്നു. നന്മ നിറഞ്ഞ ശ്രീനിവാസന്, സിനിമയെ കുറിച്ച് മാത്രമല്ല രാഷ്ട്രീയത്തെക്കുറിച്ച്, പരിസ്ഥിതിയെക്കുറിച്ച്, മണ്ണിനെയും മനുഷ്യനെയും കുറിച്ച് എത്രമാത്രം തെളിഞ്ഞ കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്. ഓർത്തെടുക്കാൻ ഒട്ടേറെ സന്ദർഭങ്ങൾ.
കൂത്തുപറമ്പിൽ ഒരു ഫിലിം സിറ്റി സ്ഥാപിക്കുന്നതിനെ കുറിച്ചുള്ള ആശയം പങ്കുവെക്കാൻ എം. മുകുന്ദൻ്റെ കൂടെ ചോമ്പാലിലെ വസതിയിൽ വന്നത് വിസ്മരിക്കാൻ കഴിയില്ല. രാജീവ് ഗാന്ധിയുടെ കാലത്ത് തുടങ്ങിയ ഇൻഡസ്ട്രിയൽ ഗ്രോത്ത് സെൻ്ററിൽ ഒന്ന് കൂത്തുപറമ്പ് വലിയ വെളിച്ചത്ത് തുടങ്ങിയപ്പോൾ, ഫിലിം സിറ്റിക്ക് തീർത്തും അനുയോജ്യമായ സ്ഥലം അത് തന്നെയാണെന്ന് ശ്രീനിവാസനും മുകുന്ദനും ഒറ്റക്കെട്ടായി അഭിപ്രായം പറഞ്ഞു. ഫിലിം സിറ്റി എന്ന സ്വപ്നവുമായി ഏറെക്കാലം ശ്രീനിവാസനും മുകുന്ദനും മുന്നോട്ടു പോയെങ്കിലും അത് യഥാർത്ഥ്യമായില്ല. വലിയ നിക്ഷേപം സംഘടിപ്പിക്കാൻ കഴിയാതെ പോയതാണ് മുഖ്യകാരണമെന്ന് എനിക്കറിയാമായിരുന്നു.
ശ്രീനിവാസൻ ഒരു പച്ചയായ മനുഷ്യനായിരുന്നു. ശ്രീനിവാസൻ്റെ സിനിമകൾ എത്ര മാത്രം മലയാളികളുടെ മനസ്സിൽ നിറഞ്ഞു നില്കുന്നവയാണ്. ബഹുമുഖ വ്യക്തിത്വത്തിൻ്റെ ഉടമയായ, ശ്രീനിവാസൻ്റെ ഡയലോഗുകൾ ഓർത്തെടുക്കാൻ കഴിയാത്ത മലയാളികൾ ഉണ്ടാവില്ല.
പ്രിയ ശ്രീനിവാസൻ്റെ മായാത്ത ഓർമ്മകൾക്ക് മുമ്പിൽ സ്നേഹാദരപൂർവ്വം.
– മുല്ലപ്പള്ളി രാമചന്ദ്രൻ







