കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കണ്ടു. വയനാട്ടിലെ വികസന പദ്ധതികളും താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനാണ് പാർലമെൻ്റ് വളപ്പിലെ ഗഡ്കരിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തിയത്. മണ്ഡലത്തിലെ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഇടപെടണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ ഭീഷണി പരിഹരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പ്രധാനമായും ചർച്ചയായത്. ഗഡ്കരിയുമായുള്ള യോഗത്തിൻ്റെ ചിത്രങ്ങൾ പ്രിയങ്ക തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചു. തൻ്റെ ആവശ്യങ്ങൾ മന്ത്രി ശ്രദ്ധയോടെ കേട്ടുവെന്നും വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ തേടിയെന്നും അവർ കുറിച്ചു. പൊതുസുരക്ഷയെയും ദൈനംദിന ജീവിതത്തെയും നേരിട്ട് ബാധിക്കുന്ന ജനങ്ങളുടെ ഗുരുതരമായ പ്രശ്നങ്ങൾക്ക് അർഹമായ ശ്രദ്ധയും അടിയന്തരമായ പരിഹാരവും ഉണ്ടാകുമെന്നും പ്രിയങ്ക അറിയിച്ചു.
എൻ്റെ മണ്ഡലമായ വയനാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിക്കാൻ ബഹുമാനപ്പെട്ട നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇനിയും കാലതാമസമില്ലാതെ തീർപ്പാക്കാത്ത ജോലികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടെന്നും പ്രിയങ്കഗാന്ധി എക്സിൽ കുറിച്ചു. ജനങ്ങളുടെ സുരക്ഷയെയും ജീവിതത്തെയും ബാധിക്കുന്ന അടിയന്തര വിഷയങ്ങൾക്ക് അർഹമായ ശ്രദ്ധയും നടപടികളും എത്രയും വേഗം ഉണ്ടാകുമെന്ന് ആത്മാർഥമായി പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.







